ഡയറക്ടർ ‘ഓക്കെ’ പറയുന്നതാണ് ആദ്യത്തെ അവാർഡ് – നിറവിൽ ഉർവശി
അഭിനയിക്കുമ്പോള്‍ സംവിധായകന്‍ ‘ഓക്കെ’ പറയുന്നതാണ് ആദ്യത്തെ പുരസ്‌കാരമെന്ന് ആറാമതും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊണ്ട് ഉര്‍വശി പ്രതികരിച്ചു. ”അഭിനയിക്കുമ്പോള്‍ ഒരിക്കലും അവാര്‍ഡ് നമ്മുടെ മുന്നില്‍ വരാറില്ല. ഡയറക്ടറാണ് ആദ്യത്തെ അവാര്‍ഡ് തരുന്നയാള്‍ അദ്ദേഹം ഓകെ പറയുന്നതാണ് അവാര്‍ഡ്.
പടം റിലീസ് ചെയ്തു ഓരോരുത്തരും പ്രശംസിക്കുന്നത് ഓരോ അവാര്‍ഡായിട്ടാണ് ഹൃദയപൂര്‍വം ഞാന്‍ സ്വീകരിക്കുന്നത്. തീര്‍ച്ചയായും സര്‍ക്കാര്‍ തലത്തില്‍ ആ പ്രശംസ അംഗീകാരമായി വന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു സ്‌കൂളില്‍ പ്രോഗസ് റിപ്പോർട്ട് കിട്ടുമ്പോള്‍ നോക്കുന്ന മാര്‍ക്കുപോലെയാണ് അവാര്‍ഡ് എനിക്ക്.
ആറാമത്തെ പുരസ്‌കാരമാണ് എന്നത് ഞാന്‍ എണ്ണിയിട്ടില്ല. പാര്‍വതിയുമായി മികച്ച അഭിനയം തന്നെയായിരുന്നു ഉള്ളൊഴുക്കില്‍ നടന്നത്. പാര്‍വതി എതിര്‍വശത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് അത്രയും മികച്ചതായി അഭിനയിക്കാന്‍ പറ്റിയത്. പാര്‍വതിയുടേതും വളരെ മികച്ച പ്രകടനമായിരുന്നു. ഉള്ളൊഴുക്കിനെ സംബന്ധിച്ചിത്തോളം ഞാന്‍ മാനസികമായും ശാരീരികമായും ഒരുപാട് വിഷമതകള്‍ നേരിട്ട സമയം കൂടിയായിരുന്നു.”- ഉര്‍വശി പറഞ്ഞു.