വിരമിക്കൽ പ്രഖ്യാപിച്ച് താരം; യുറഗ്വായ്ക്കായി പന്തുതട്ടാൻ ഇനി സുവാരസില്ല
മോണ്ടിവിഡിയോ: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യുറഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ്. തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടാണ് സുവാരസ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സെപ്റ്റംബര്‍ ആറിന് പാരഗ്വായ്ക്കെതിരേ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം യുറഗ്വായ് ജേഴ്സിയിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് നിറകണ്ണുകളോടെയാണ് 37-കാരനായ താരം അറിയിച്ചത്.
യുറഗ്വായ്ക്കായി 142 മത്സരങ്ങളില്‍ നിന്നായി 69 ഗോളുകള്‍ നേടിയ താരം അന്താരാഷ്ട്ര ഫുട്ബോളില്‍ യുറഗ്വായുടെ ടോപ് സ്കോററാണ്. 2011-ല്‍ യുറഗ്വായെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് എത്തിച്ചതും സുവാരസിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സുവാരസായിരുന്നു.
2007-ല്‍ അരങ്ങേറി യുറഗ്വായ്ക്കായി 17 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ മൈതാനത്ത് മറക്കാനാകാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം വിവാദങ്ങളും സമ്മാനിച്ചയാളാണ് സുവാരസ്. 2010 ലോകകപ്പില്‍ ഘാനയ്ക്കെതിരായ കുപ്രസിദ്ധമായ ഹാന്‍ഡ് ബോളും 2014 ലോകകപ്പിനിടെ ഇറ്റാലിയന്‍ താരം ജിയോര്‍ജിയോ കിയെല്ലിനിയെ കടിച്ചതുമെല്ലാം ഇതില്‍ ഉള്‍പ്പെടും. കിയെല്ലിനിയെ കടിച്ചതിന് നാലു മാസത്തെ വിലക്കും ലഭിച്ചിരുന്നു.