യുപിഐ ലൈറ്റിലും 123 പേയിലും വൻ ഇളവ്; ഇനി കൂടുതൽ പണമയക്കാം, പരിധി ഉയർത്തി റിസർവ് ബാങ്ക്

0

അടിസ്ഥാന പലിശനിരക്ക് കുറച്ചില്ലെങ്കിലും ജനപ്രിയ ഡിജിറ്റൽ പണമിടപാട് സൗകര്യമായ യുപിഐയിൽ വൻ ഇളവുകൾ അനുവദിച്ച് റിസർവ് ബാങ്ക്. സ്മാർട്ട്ഫോണോ ഇന്റർനെറ്റോ ഇല്ലെങ്കിലും യുപിഐ ഇടപാട് നടത്താവുന്ന സൗകര്യമായ യുപിഐ123പേ, കുറഞ്ഞതുകയുടെ ഇടപാടുകൾ നടത്താവുന്ന യുപിഐ ലൈറ്റ് എന്നിവയിലാണ് ഇളവ്. 2022 മാർച്ചിൽ അവതരിപ്പിച്ച യുപിഐ123 പേയിൽ ഓരോ ഇടപാടിലും പരമാവധി 5,000 രൂപയേ അയക്കാമായിരുന്നുള്ളൂ, ഇത് 10,000 രൂപയായി ഉയർത്തിയെന്ന് റിസർവ് ബാങ്ക് ഇന്ന് വ്യക്തമാക്കി.

ഇത് സംബന്ധിച്ച നിബന്ധനകൾ എൻപിസിഐ ഉടൻ പുറത്തിറക്കും. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണിത്. ഫീച്ചർ ഫോണുകളിലൂടെ കോൾ സൗകര്യം ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന സംവിധാനമാണ് യുപിഐ123പേ. മലയാളം ഉൾപ്പെടെ 12 പ്രാദേശിക ഭാഷകളിൽ സേവനം ലഭ്യമാണ്.കുറഞ്ഞ തുകയുടെ യുപിഐ ഇടപാട് നടത്താനായി ആവിഷ്കരിച്ച സംവിധാനമാണ് യുപിഐ ലൈറ്റ്. ഓരോ ഇടപാടിനും പരമാവധി പരിധി 500 രൂപയായിരുന്നു നിലവിൽ. വോലറ്റിൽ 2,000 രൂപവരെയും സൂക്ഷിക്കാമായിരുന്നു.

ഓരോ ഇടപാടിന്റെ പരിധിയും 1,000 രൂപയിലേക്കും വോലറ്റ് പരിധി 5,000 രൂപയിലേക്കും ഉയർത്തുന്നതായി റിസർവ് ബാങ്ക് അറിയിച്ചു. രാജ്യത്ത് യുപിഐക്ക് കൂടുതൽ സ്വീകാര്യത ഉറപ്പാക്കുകയും ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ ഈ ഇളവുകളെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 68,800 കോടി രൂപയാണ് ഓരോ ദിവസവും യുപിഐയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 5 മാസമായി പ്രതിമാസ യുപിഐ ഇടപാട് മൂല്യം 20 ലക്ഷം കോടി രൂപയ്ക്ക് മുകളിലുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *