ഇഷ്ട ഭക്ഷണം പാചകം ചെയ്ത് നൽകിയില്ല; യുപിയിൽ യുവതിയെ ആൺ സുഹൃത്ത് അടിച്ചു കൊന്നു
ഇഷ്ട ഭക്ഷണം പാചകം ചെയ്തു നൽകാത്തതിന്റെ പേരിൽ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ആൺസുഹൃത്ത് അടിച്ചു കൊന്നു. ഉത്തർ പ്രദേശിലെ ചിത്രകൂട് ജില്ലയിലെ വിദ്യാ നഗറിലാണ് സംഭവം നടന്നത്. പ്രതിയായ വിജയ് റായ്ദാസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തായ സപ്ന റയ്ക്ക്വാർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒന്നരവർഷമായി ഇരുവരും വിദ്യാ നഗറിലുള്ള വീട്ടിൽ ഒന്നിച്ച് കഴിയുകയായിരുന്നു.
പ്രതിയായ വിജയ് റായ്ദാസ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് കൃത്യം ചെയ്തതതെന്നാണ് വിവരം. കൊല്ലപ്പെട്ട സപ്ന പത്ത് വർഷം മുൻപ് രൂപ് ലാൽ എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തിൽ സപ്നയ്ക്ക് രണ്ട് കുട്ടികളുണ്ട്. പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച ഇവർ ആദ്യ ഭർത്താവിനെതിരെ കേസും കൊടുത്തിരുന്നു. ഈ കേസിൽ സപ്നയെ സഹായിച്ചിരുന്നത് വിജയ് റായ്ദാസായിിരുന്നു. ഈ അവസരത്തിലാണ് രണ്ടുപേരും കൂടുതൽ അടുക്കുന്നതും പ്രണയത്തിലാകുന്നതും. വിദ്യാ നഗറിലെ വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സ്വപ്നയുടെ പിതാവ് നൽകിയ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടന്നുവരുന്നതായും സൂപ്രണ്ട് ഓഫ് പോലീസ് അരുൺ കുമാർ സിംഗ് പറഞ്ഞു.