ഉത്തർപ്രദേശിൽ മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. 54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോൾ വാർഡിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് വാർഡിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടർമാരും മറ്റ് ഹോസ്പിറ്റൽ അധികൃതരും കൂടി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ശേഷം ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഇപ്പോഴും ആറ് ഫയർഫോഴ്‌സ് സംഘങ്ങൾ അവിടെ തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം