യുപി ബോർഡ് പരീക്ഷയിൽ തിരിമറി; അധ്യാപകർ ഉള്‍പ്പെടെ 16 അംഗ സംഘം പിടിയിൽ

ലക്‌നൗ: യുപി ബോർഡ് പരീക്ഷയിൽ തിരിമറി കാണിച്ച അധ്യാപകർ ഉള്‍പ്പെടെ 16 പേർ പിടിയിൽ. എസ്‌ടിഎഫിൻ്റെയും കച്ചൗണ പൊലീസിൻ്റെയും സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ജഗന്നാഥ് സിങ് ഇൻ്റർ കോളേജ് പ്രിൻസിപ്പലിൻ്റെ വീട്ടിൽ നിന്ന് മൂന്ന് അധ്യാപകർ ഉൾപ്പെടെ 14 പേരെയും സുഭാഷ് മഹാബലി ഇൻ്റർ കോളേജിന് സമീപത്തു നിന്നും രണ്ട് സ്‌ത്രീകളെയുമാണ് പിടികൂടിയത്.
ഉത്തരക്കടലാസുകൾ തിരുത്തുന്നതിനിടെയാണ് 16 പേരെയും പൊലീസ് പിടികൂടിയത്. 2024ലെ ഉത്തർപ്രദേശ് പബ്ലിക് എക്‌സാമിനേഷൻ നിയമപ്രകാരം പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ജഗന്നാഥ് സിങ് ഇൻ്റർ കോളജ് മാനേജർ അനിൽ സിങ്ങിൻ്റെ വീട്ടിൽ നിന്ന് ഇംഗ്ലീഷിൻ്റെ 19 ഉത്തരക്കടലാസുകളും സാമ്പത്തിക ശാസ്‌ത്രത്തിൻ്റെ ഒരു ഉത്തരക്കടലാസും കണ്ടെടുത്തു.
ഇതിനുപുറമെ, 49 ശൂന്യ ഉത്തരക്കടലാസുകൾ, 65 അഡ്‌മിറ്റ് കാർഡുകൾ, 27 വിദ്യാർഥികളുടെ റോൾ നമ്പറുകളുള്ള ലിസ്റ്റ്, എട്ട് മൊബൈൽ ഫോണുകൾ, 12 ബിറ്റ് സ്ലിപ്പുകൾ എന്നിവയും കണ്ടെടുത്തു. രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലെയും സെൻ്റർ അഡ്‌മിനിസ്ട്രേറ്റർ, എക്‌സ്റ്റേണൽ സെൻ്റർ അഡ്‌മിനിസ്‌ട്രേറ്റർ, സ്റ്റാറ്റിക് മജിസ്‌ട്രേറ്റ് എന്നിവരെ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയതായി ഡിഐഒഎസ് ബാൽ മുകുന്ദ് പ്രസാദ് പറഞ്ഞു.പരീക്ഷാ കേന്ദ്രങ്ങളിൽ കുഴപ്പങ്ങൾ സൃഷ്‌ടിക്കുക, യുപി പബ്ലിക് എക്‌സാമിനേഷൻ ആക്‌ട് 2024, ഉത്തരകടലാസ് ചോർച്ച എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തുവെന്നും ബാൽ മുകുന്ദ് പ്രസാദ് പറഞ്ഞു. എസ്‌ടിഎഫ് ഇൻസ്പെക്‌ടർ ശൈലേന്ദ്ര സിങ്, എസ്എച്ച്ഒ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പരമാവധി ഒരു കോടി രൂപ പിഴയും ജീവപര്യന്തം തടവും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.