കട്ടൻ ചായ കഷായമാകുമോ? ജയരാജൻ്റെ ആത്മകഥ വിവാദത്തിലേയ്ക്ക്…
താന്‍ എഴുതാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്നും കവര്‍ ചിത്രം പോലും തയാറാക്കിയിട്ടില്ലെന്നും ഇ പിയുടെ പ്രതികരണം
കണ്ണൂർ: വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് പോളിംഗ് ദിനത്തില്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജൻ്റെ ‘എഴുതി തീരാത്ത ‘ആത്മകഥ ചർച്ചയാകുന്നു.
പുസ്തകത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്നും ,എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം ചില ഭാഗങ്ങള്‍ പുറത്ത് വന്നതോടെയാണ് ‘പ്രസിദ്ധീകരിക്കാത്ത പുസ്‌തകം’ ചൂടേറിയ ചർച്ചയിലേക്ക് വഴിമാറിയിട്ടുള്ളത്.അൻവറിനു പിന്നിൽ തീവ്രവാദ ശക്തികളാണെന്നും , ഡോ.പി . സരിൻ (പാലക്കാട് LDF) സ്ഥാനാർഥി അവസരവാദിയാണെന്നുമുള്ള പരാമർശങ്ങളും ആത്മകഥയിലുണ്ടെന്നു പറയപ്പെടുന്നു.
‘പല അപ്രിയ സത്യങ്ങളും തുറന്നുപറയുന്ന ഇപിയുടെ ആത്മകഥ ‘കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ പ്രസിദ്ധീകരിക്കുന്നത് ഡിസി ബുക്‌സാണ് ‘. ആത്മകഥയിലെ ചില ഭാഗങ്ങൾ ചേർത്തുകൊണ്ട് പ്രസാധകർ തന്നെയാണ് ഇത് ഫേസ്ബുക്ക് വഴി വായനക്കാരെ അറിയിച്ചിരുന്നത്.
എന്നാൽ ‘കട്ടന്‍ ചായയും പരിപ്പുവടയും…..’ എന്ന ആത്മകഥ തന്റേതല്ലെന്നാണ് ഇപി ജയരാജന്‍ പറയുന്നത് . പുസ്തകത്തിൻ്റെ ഒരു പേജുപോലും ഡിസിക്ക് നൽകിയിട്ടില്ല , രചന ഇതുവരെ പൂർത്തിയായിട്ടില്ല എന്നും ജയരാജൻ പറയുന്നു .
“പുസ്‌തകം പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സിനെ ഏൽപ്പിച്ചിട്ടില്ല . മാതൃഭൂമിയും ,ഡിസിയും പ്രസിദ്ധീകരിക്കാൻ തയ്യാറായി മുന്നോട്ടു വന്നിരുന്നു. പക്ഷെ ആർക്ക് കൊടുക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല . തൻ എഴുതാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് . ഡിസിക്കെതിരെ നിയമ നടപടി സ്വീകരിക്കും.” ഇപി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ച്ച വിവാദമായപ്പോൾ എൽഡിഎഫ് കൺവീനർ സ്ഥാനം ഉപേക്ഷിക്കേണ്ടിവന്ന ഇപി ,തനിക്കു പറയാനുള്ളതെല്ലാം ആത്മകഥയിലൂടെ വെളിപ്പെടുത്തുമെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാർട്ടി സമ്മേളനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കുറച്ചുകാലം വിട്ടുനിന്ന ജയരാജൻ വീണ്ടും സജീവമായി ജനങ്ങളിലേയ്ക്ക് തിരിച്ചു വരികയാണ്.