ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് സി.കെ വാസുദേവനെ ചോദ്യം ചെയ്യുന്നു.
 
                തിരുവനന്തപുരം : ശബരിമല സ്വർണക്കൊളള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് സി.കെ വാസുദേവനെ ചോദ്യം ചെയ്യുന്നു. ശബരിമലയിൽ നിന്ന് കാണാതായ പീഠം സൂക്ഷിച്ചിരുന്നത് സി കെ വാസുദേവന്റെ വീട്ടിലായിരുന്നു. ഈഞ്ചക്കൽ ഓഫീസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ടാണ് വാസുദേവനെ വിളിച്ചു വരുത്തിയത്. കാണാതായ പീഠം സൂക്ഷിച്ചത് വാസുദേവനാണ്. വാതിലിന്റെയും കട്ടിളയുടെയും സ്‌പോൺസർമാരുടെ പട്ടികയിൽ വാസുദേവനുമുണ്ട്. ദ്വാരപാലക പാളികൾ വാസുദേവന്റെ വീടിന് അടുത്ത ക്ഷേത്രത്തിൽ പുജിച്ചിരുന്നു. ദേവസ്വം ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. തിരുവാഭരണം കമ്മിഷണർ റിജിലാലും എസ്.ഐ.ടിക്ക് മുന്നിൽ എത്തി. ഈ വർഷം ദ്വാരപാലക പാളികൾ കൊണ്ടുപോകുന്നതിനെ എതിർത്തത് റിജിലാലായിരുന്നു. മാരാമത്ത് ജീവനക്കാരൻ കൃഷ്ണകുമാറിനെയും എസ്.ഐ.ടി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. കൃഷ്ണകുമാർ എത്തിയത് ദേവസ്വം രേഖകളുമായി എന്നാണ് ലഭിക്കുന്ന സൂചന. സ്വർണ്ണക്കടത്ത് കാലത്ത് എക്‌സിക്യുട്ടവ് ഓഫീസർ ആയിരുന്ന സുധീഷ് കുമാറിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് സുധീഷ് കുമാർ.
അതേസമയം ദേവസ്വം ആസ്ഥാനത്തുനിന്ന് സ്വർണം പൂശിയതിന്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തിരുന്നു. എസ്‌ഐടി ദേവസ്വം ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെത്തിയിരിക്കുന്നത്. ശബരിമലയിൽ വിജയ് മല്യ ഏതളവിലാണ് സ്വർണം പൊതിഞ്ഞത് എന്നതിന്റെ നിർണായക വിവരങ്ങൾ ഇപ്പോൾ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന.

 
                         
                                             
                                             
                                            