ലൈസൻസിലാത്ത മകന് കാർ ഓടിക്കാൻ നൽകാത്തതിന് മകൻ വീടിന് മുമ്പിൽ നിർത്തിയിട്ട കാർ കത്തിച്ചു
മലപ്പുറം: വീടിന് മുന്നിൽ നിർത്തിയിട്ട കാർ കത്തിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ് (21) ആണ് അറസ്റ്റിലായത്. കാർ കത്തിച്ചെന്ന മിൻഹാജിന്റെ പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷിച്ചത്. ഈ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് പൊലീസ് കണ്ടെത്തുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മകനെ പൊലീസ് അറസ്റ്റു ചെയ്തു.
ലൈസൻസിലാത്ത മകന് കാർ ഓടിക്കാൻ നൽകാത്തതിലുള്ള വൈരാഗ്യമാണ് കാർ കത്തിക്കാൻ കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാൻ മകൻ പിതാവിനോട് കാറിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താക്കോൽ കൊടുക്കാൻ പിതാവ് തയ്യാറായില്ല. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പിതാവ്. ഇതിൽ പ്രകോപിതനായ മകൻ കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.