കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ തീരുമാനം; കുറ്റാരോപിതരായ പ്രതികൾക്ക് മുൻകൂർ ജാമ്യം
തിരുവനന്തപുരം: സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കലോത്സവ വേദിയിലെ സംഘർഷങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഒരാഴ്ചയ്‌ക്കുള്ളിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങി എന്ന ആരോപണത്തിന് വിധേയരായ അധ്യാപകർക്ക് കോടതി ജാമ്യം അനുവദിച്ചു. സർവകലാശാല കലോത്സവ മത്സരത്തിന്റെ വിധി നിർണയവുമായി ബന്ധപ്പെട്ട് കോഴ വാങ്ങി എന്ന ആരോപണത്തിന് വിധേയരായ പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേരള സർവകലാശാല കലോത്സവം നിർത്തിവച്ചത്. സർവ്വകലാശാല ആസ്ഥാനത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് നിർത്തിവച്ച കലോത്സവം പൂർത്തീകരിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ എവിടെ വച്ചാണ് കലോത്സവം പൂർത്തീകരിക്കുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.