സിറിയയിൽ ഐക്യവും സമാധാനവും പുനസ്ഥാപിക്കണം:ഇന്ത്യ
സിറിയയിൽ ഐക്യവും സമാധാനവും പുനസ്ഥാപിക്കണം
സിറിയയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും സിറിയയില്‍ ഐക്യവും പരമാധികാരവും പ്രദേശത്തിന്റെ സമ്പൂര്‍ണതയും സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നയതന്ത്രനയതന്ത്ര വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ അറിയിച്ചു. സിറിയന്‍ സമൂഹത്തിന്റെ താത്പര്യത്തിന് അനുകൂലമായി സമാധാനം ആഗ്രഹിക്കുന്ന രാഷ്ട്രീയനീക്കങ്ങള്‍ സിറിയയില്‍ ഉണ്ടാവണം. ദമാസ്‌കസിലെ ഇന്ത്യന്‍ എംബസി സിറിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്തി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അതിനിടയിൽ വിമതർ പിടിച്ചെടുത്ത സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ സിറിയയിലെ ആയുധ സംഭരണശാലകൾ ഇസ്രയേൽ ബോംബിട്ട് തകർത്തു. ആയുധശേഖരം വിമതർക്ക് ലഭിക്കാതിരിക്കാനാണ് നീക്കമെന്നാണ് ഇസ്രയേലിൻ്റെ അവകാശവാദം. ഇസ്രയേലിന് പിന്നാലെ അമേരിക്കയും സിറിയയിൽ വ്യോമാക്രമണം നടത്തി. ഐഎസ് ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രം പ്രതികരിച്ചത്.
സിറിയയുമായുള്ള 1974-ലെ വെടിനിർത്തൽ കരാർ പ്രകാരം സ്ഥാപിച്ച ഗോലാൻ കുന്നുകളിലെ ബഫർ സോണിൻ്റെ നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുത്തതായി നേരത്തെ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. സിറിയയിൽ വിമതസൈന്യം അധികാരം പിടിച്ചതിന് പിന്നാലെയായിരുന്നു ഇസ്രയേസിൻ്റെ നടപടി. ദീർഘകാലമായി നിലനിന്നിരുന്ന കരാർ ഇല്ലാതായെന്നും സിറിയൻ സൈന്യം ഈ പ്രദേശം ഉപേക്ഷിച്ചെന്നും അതാണ് ഇവിടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിൻ്റെ തീരുമാനത്തിലേക്ക് നയിച്ചെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്