തൃശൂര്‍ സ്വദേശികളുടെ മോചനം; കേന്ദ്രമന്ത്രി സുരേഷ് ഗോപി, എംബസിയ്‌ക്ക് കത്തയച്ചു
ന്യുഡൽഹി : റഷ്യയില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശികളായ ജെയിന്‍, ബിനില്‍ എന്നിവരുടെ മോചനത്തിനുവേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുന്നു . കുടുംബത്തിന്‍റെ പരാതിയ്‌ക്ക് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഇടപെടൽ . രണ്ടുപേരുടെയും മോചനത്തിനായി എംബസി മുഖേന ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.ജോലിയ്‌ക്കെന്ന വ്യാജേന റഷ്യയില്‍ എത്തിച്ച് യുദ്ധമുഖത്തേക്ക് അയച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി.
കഴിഞ്ഞ ശനിയാഴ്‌ച രാത്രിയോടെയാണ് ഇവരുടെ അപേക്ഷ സുരേഷ് ഗോപിക്ക് ലഭിക്കുന്നത്..ആവശ്യം ഉന്നയിച്ച് എംബസിക്ക് കത്തയച്ചിട്ടുണ്ടെന്നും അവരുടെ മറുപടി ലഭിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഐടിഐ മെക്കാനിക്കൽ ഡിപ്ലോമക്കാരായ ബിനിൽ (32), ജെയിൻ (27) എന്നിവർ ഇലക്‌ട്രീഷ്യൻ, പ്ലംബർ ജോലിക്കായാണ് ഏപ്രിൽ 4 ന് റഷ്യയിലേക്ക് പോയത്. അവിടെയെത്തിയതോടെ അവരുടെ ഇന്ത്യൻ പാസ്‌പോർട്ടുകൾ കണ്ടുകെട്ടുകയായിരുന്നു.
തുടർന്ന് ഇവരെ റഷ്യൻ മിലിട്ടറി സപ്പോർട്ട് സർവീസിന്‍റെ ഭാഗമായി യുദ്ധമേഖലയിലേക്ക് വിന്യസിച്ചെന്ന് ബിനിലിന്‍റെ ഭാര്യ ജോയ്‌സി പറഞ്ഞു. ബിനിലിനും ജെയിനും റഷ്യയിൽ പ്രതിമാസം രണ്ട് ലക്ഷം രൂപ ശമ്പളം വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. സുരേഷ്‌ഗോപിയുടെ ഇടപെടലിലൂടെ രണ്ടുപേരും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ