ഇന്ത്യ ഒരിക്കല്‍ പാകിസ്ഥാനെ രണ്ട് തുണ്ടമാക്കുമെന്ന് കേന്ദ്രമന്ത്രി സുകന്ത മജുംദാര്‍

റാണാഘട്ട്: ഇന്ത്യ ഒരിക്കല്‍ പാകിസ്ഥാനെ രണ്ട് തുണ്ടമാക്കുമെന്ന് കേന്ദ്രമന്ത്രി സുകന്ത മജുംദാര്‍. സിന്ധു നദീജലക്കരാര്‍ വിഷയത്തില്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തിനെതിരെ സംസാരിക്കുകയായിരുന്നു മജുംദാര്‍. ഇന്ത്യ ഒരിക്കല്‍ പാകിസ്ഥാനെ രണ്ട് തുണ്ടമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇത്തരത്തില്‍ പല ഭീഷണികളും മുമ്പും ഞങ്ങള്‍ കേട്ടിട്ടുണ്ട്. വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു. ബിലാവല്‍ ഭൂട്ടോ ചരിത്രം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സിന്ധുനദീ ജലക്കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിയ മോദി സര്‍ക്കാരിന്‍റെ നടപടിയില്‍ പാകിസ്ഥാന്‍ ഒന്നിച്ച് നിന്ന് ശക്തമായ തിരിച്ചടി നല്‍കുമെന്നായിരുന്നു ബിലാവലിന്‍റെ പരാമര്‍ശ0. വെള്ളിയാഴ്‌ച സുക്കുറില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ആയിരുന്നു ബിലാവലിന്‍റെ ഈ ഭീഷണി.
സിന്ധു നദീ നമ്മുടേതാണ്. അത് നമ്മുടേതായി തന്നെ തുടരുമെന്നും ബിലാവല്‍ അവകാശപ്പെട്ടു. സിന്ധു നദിയിലൂടെ വെള്ളം ഒഴുകണോ അതോ നിങ്ങളുടെ ചോര ഒഴുക്കണോ എന്നും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ചോദിച്ചു.
പഹല്‍ഗാമില്‍ ഭീകരര്‍ 26 പേരെ വെടിവച്ച് കൊന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ സുരക്ഷ ഉപസമിതി യോഗത്തിലാണ് സിന്ധു നദീജലക്കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. 1960ല്‍ നിലവില്‍ വന്ന കരാര്‍ റദ്ദാക്കിയത് ഭീകരതയെ പിന്തുണയ്ക്കുന്ന പാക് നിലപാട് മൂലമാണ്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും ബിലാവല്‍ ഭൂട്ടോയുടെ ഭീഷണിക്കെതിരെ രംഗത്ത് എത്തി. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യ കൈക്കൊള്ളുന്ന നിലപാടുകള്‍ ആരുടെയും ഭീഷണി മൂലം മാറ്റി വയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന് ഒറ്റിക്കൊടുക്കലിന്‍റെ ദീര്‍ഘകാലത്തെ ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് തന്നെയാണ് ബിലാവല്‍ ഭൂട്ടോയുടെ മുത്തച്‌ഛന്‍റെയും അമ്മയുടെയും ജീവനെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ ജീവത്യാഗത്തെ അവമതിക്കും വിധമാണ് ഈ മകന്‍ ഇന്ന് സംസാരിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്ന വഴിക്ക് താന്‍ ഇപ്പോള്‍ തന്നെ ആദരാഞ്ജലി നേരുന്നു. തിരിച്ചടിക്കുന്നതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടയാനാകില്ലെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ ജനതയെ സംരക്ഷിക്കേണ്ട സമയത്ത് അത് ചെയ്‌തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധുവും അതിലെ വെള്ളവും ഞങ്ങളുടേതാണ്. അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്‌ചയാണ് പഹല്‍ഗാമില്‍ 26 പേരെ ഭീകരര്‍ തോക്കിനിരയാക്കിയത്.