വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്‌ജു

ന്യുഡൽഹി: വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍ലമെന്‍റിന്‍റെ ഈ സെഷനിൽ ബില്‍ കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വഖഫ് ബിൽ മുസ്ലീം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നുവെന്നും ഭൂമിയും ആരാധനാലയങ്ങളും തട്ടിയെടുക്കുമെന്ന് പ്രചരിപ്പിക്കുകയാണെന്നും വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണെന്നും ആളുകളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണെന്നും കിരണ്‍ റിജിജു തുറന്നടിച്ചു. ബില്ലിൽ ചർച്ച നടത്തിയായിരിക്കും അവതരിപ്പിക്കുക.
എത്രയോ നീണ്ട ചർച്ച ജെപിസിയിൽ നടന്നു. ജനാധിപത്യപരമായി തന്നെയാണ് ഈ ബിൽ കൊണ്ടുവരുന്നത്. വെറുതെ ബഹളം വച്ചിട്ട് കാര്യമില്ല. സിഎഎയുടെ കാര്യത്തിലും ഇതേരീതിയിലാണ് വ്യാജ പ്രചാരണം നടന്നത്. നുണകൾ പ്രചരിപ്പിക്കരുതെന്ന് ഇരുകൈകളും കൂപ്പി പറയുകയാണ്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരിക്കും. കെസിബിസിയുടെ നിർദേശം എല്ലാ എംപിമാരും ശ്രദ്ധിക്കണം. ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം. കെസിബിസി ആർ എസ് എസ് സമ്മർദത്തിലാണോ പ്രവർത്തിക്കുന്നതെന്നും കിരണ്‍ റിജിജു ചോദിച്ചു. എന്തെല്ലാം വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്?. ഇന്ത്യ സഖ്യത്തിലെ പല കക്ഷികളും ഈ ബിൽ കൊണ്ടുവരണമെന്ന് തന്നോട് പറഞ്ഞു. പാർലമെന്‍റിന്‍റെ കാര്യപരിപാടികൾ പരിശോധിച്ചശേഷമേ എപ്പോൾ കൊണ്ടുവരുമെന്ന് പറയാനാവുവെന്നും കിരണ്‍ റിജിജു പറഞ്ഞു.