പ്രവേശനം ബഗ്ഗി കാറുകളിൽ; കനത്ത സുരക്ഷയിൽ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാം
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഓണം അവധി പരിഗണിച്ചാണ് ചൊവ്വാഴ്ച മുതല്‍ മൂന്നുമാസത്തേക്ക് കര്‍ശന നിബന്ധനകളോടെ സന്ദര്‍ശനം അനുവദിക്കുന്നത്.
രണ്ട് അണക്കെട്ടുകളിലും നിലവിലെ അറ്റകുറ്റപ്പണികള്‍ തടസ്സപ്പെടാത്തരീതിയില്‍ സന്ദര്‍ശകരെ കടത്തിവിടും. എന്നാല്‍ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ചകളില്‍ സന്ദര്‍ശനാനുമതി ഇല്ല. ബഗ്ഗി കാറുകളിലാകും സന്ദര്‍ശനത്തിന് അനുമതി.
രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സന്ദര്‍ശന സമയം. പാസ് മൂലമാകും പ്രവേശനം. സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബഗ്ഗി കാറുകളിലാണ് പോകേണ്ടത്. അണക്കെട്ടിലൂടെ നടന്നുകാണാന്‍ അനുവദിക്കില്ല. ശക്തമായ സുരക്ഷാസംവിധാനവും ഒരുക്കും. സന്ദര്‍ശനത്തിനായി ഒരു സമയം പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ജില്ലാ കളക്ടര്‍ മുന്‍പ് നടത്തിയ യോഗത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം.
ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ (ഓറഞ്ച്, റെഡ് അലെര്‍ട്ടുകള്‍) നിലനില്‍ക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇന്‍ഷുറന്‍സുകളുടെ ഇനത്തിലെ ചെലവ് ഹൈഡല്‍ ടൂറിസം സെന്റര്‍ വഹിക്കും. പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂര്‍ണ ഉത്തരവാദിത്തം കേരള ഹൈഡല്‍ ടൂറിസം സെന്ററും പോലീസും ഏറ്റെടുക്കും.