താങ്ങാനാകാതെ ചൂട്, എയർ ഷോയ്ക്കിടെ ചെന്നൈയിൽ 4 മരണം; പങ്കെടുത്തത് 13 ലക്ഷത്തിലേറെപ്പേർ
ചെന്നൈ ∙ വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായി മറീന ബീച്ചിൽ സംഘടിപ്പിച്ച എയർ ഷോ കാണാനെത്തിയ നാലു പേർ കടുത്ത ചൂടിൽ തളർന്നു വീണു മരിച്ചു. നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വെയിലിൽ തളർന്നുവീണ 60 വയസ്സുകാരനാണ് ആദ്യം മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നു പേർ കൂടി പിന്നാലെ മരിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രി ദുരൈമുരുകൻ എന്നിവരും എയർ ഷോ കാണാനെത്തിയിരുന്നു.
റെക്കോർഡിട്ട് വ്യോമാഭ്യാസ പ്രകടനം
ഏറ്റവും കൂടുതൽ പേർ കണ്ട വ്യോമാഭ്യാസ പ്രകടനം എന്ന റെക്കോർഡോടെയാണ് വ്യോമസേനാ വാർഷികത്തിന്റെ ഭാഗമായ എയർ ഷോ അവസാനിച്ചത്. 13 ലക്ഷത്തിലേറെപ്പേരാണ് എയർ ഷോ കാണാൻ മറീനയിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയെന്നും അധികൃതർ അറിയിച്ചു. പൊതുഅവധി ദിവസം കൂടിയായിരുന്നതിനാൽ മറീനയിലേക്കു ജനം ഒഴുകിയെത്തി.