ഗർഭഛിദ്രം നടത്താനായില്ല;തന്റെ കുഞ്ഞല്ലെന്ന് ആശയുടെ ഭർത്താവ്,രതീഷ് കൊണ്ടുപോയത് സഞ്ചിയിൽ
 
                ആലപ്പുഴ∙ ചേർത്തലയിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് നവജാതശിശുവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ ഒളിപ്പിച്ച സംഭവത്തിൽ, അമ്മ ആശയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുഞ്ഞിനെ ഒഴിവാക്കിയത് ഭർത്താവ് വേണ്ടെന്നു പറഞ്ഞതിനാലാണെന്ന് ആശ അറിയിച്ചു. കുഞ്ഞ് തന്റേതല്ലെന്ന് ആശയുടെ ഭർത്താവ് മനോജ് പറഞ്ഞെന്നും സഞ്ചിയിലാക്കിയാണ് രതീഷ് കുഞ്ഞിനെ കൊണ്ടുപോയതെന്നും പൊലീസ് അറിയിച്ചു.
ആശുപത്രിയിൽ ഒപ്പം പോയിരുന്നതും ചെലവുകൾ വഹിച്ചിരുന്നതും പൂക്കട നടത്തുന്ന രതീഷാണ്. ഓഗസ്റ്റ് 31നു രാവിലെ 11ന് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയെങ്കിലും പലയിടങ്ങളിലൂടെ യാത്ര ചെയ്തു രാത്രി 8നാണ് ആശയും രതീഷും പള്ളിപ്പുറത്തുനിന്നു പിരിയുന്നത്. ഈ സമയം ജീവനുള്ള കുഞ്ഞിനെ സഞ്ചിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീടുള്ള കാര്യം ചോദിച്ചപ്പോൾ നീ അറിയേണ്ടെന്നു രതീഷ് പറഞ്ഞതായി പൊലീസിനോട് ആശ പറഞ്ഞു.
ബന്ധുക്കളെന്ന നിലയിലാണ് ആശയും രതീഷും പരിചയപ്പെടുന്നതും അടുക്കുന്നതും. ആശ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും അതിനുള്ള സമയം കഴിഞ്ഞിരുന്നു. നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് പല്ലുവേലി കായിപ്പുറം വീട്ടിൽ ആശ(35), പല്ലുവേലി പണിക്കാശ്ശേരി റോഡിൽ രാജേഷ് ഭവനത്തിൽ രതീഷ്(38) എന്നിവരെ ഇന്നലെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.
രതീഷിന്റെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം സംഭവം വാർത്തയായതോടെ പുറത്തെടുത്ത് ശുചിമുറിയിൽ വച്ചിരിക്കുകയായിരുന്നു. ആശയുടെ ഫോണിൽ നിന്നു പൊലീസ് രതീഷിനെ ആശയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണു കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു രതീഷ് സമ്മതിച്ചത്. കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ജനന വിവരം മറച്ചുവച്ചു, കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയ്ക്കാണു കേസെടുത്തത്.
കഴിഞ്ഞ 26ന് ആയിരുന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആശയുടെ പ്രസവം. ഭർത്താവിനും അടുത്ത ബന്ധുക്കൾക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിവാഹേതര ബന്ധത്തിലെ കുഞ്ഞായതിനാൽ ഇവരാരും സഹകരിച്ചിരുന്നില്ല. വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും ബിൽ അടയ്ക്കാൻ പണമില്ലാത്തതിനാൽ പിറ്റേന്നാണ് ആശുപത്രി വിട്ടത്. അപ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലേക്കു പോകുംവഴി കുട്ടിയെ രതീഷിനു കൈമാറിയെന്നാണു വിവരം.
‘ഗർഭിണിയാണെന്ന് അറിഞ്ഞാൽ ജീവനൊടുക്കും’നവജാത ശിശുവിന്റെ ക്രൂരമായ കൊലപാതകം പുറത്തുവന്നത് ആശാപ്രവർത്തകയുടെ ഇടപെടലിലൂടെയാണ്. ആശ ഗർഭിണിയാണെന്ന് അറിഞ്ഞ് വീട്ടിലെത്തിയപ്പോൾ ‘ഗർഭിണിയാണെന്ന വിവരം പുറത്തു പറഞ്ഞാൽ നിങ്ങളുടെയെല്ലാം പേര് എഴുതിവച്ച ശേഷം ജീവനൊടുക്കും’ എന്നു ഭീഷണിപ്പെടുത്തിയതായി പള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡിലെ ആശാ പ്രവർത്തക വള്ളപ്പുരയ്ക്കൽ ത്രിപുരേശ്വരി പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് ആശ ഭർത്താവും മക്കളുമൊത്ത് പല്ലുവേലിയിലെ വീട്ടിൽ താമസിക്കാൻ എത്തിയത്.
മറ്റൊരിടത്തു വാടകയ്ക്കു കഴിയുകയായിരുന്നു ഇവർ. ആശ ഗർഭിണിയാണെന്നറിഞ്ഞ് വിവരങ്ങൾ ശേഖരിക്കാനാണ് ആ വീട്ടിൽ പോയതെന്നു ത്രിപുരേശ്വരി പറഞ്ഞു. എന്നാൽ കൃത്യമായ വിവരങ്ങളൊന്നും നൽകാതെ ആശ ഒഴിഞ്ഞുമാറി. ഗർഭിണി ആയിരിക്കാൻ സാധ്യതയില്ലെന്നാണ് ഇവരുടെ ഭർത്താവു പറഞ്ഞത്. വയറ്റിൽ മുഴയുണ്ടെന്നും വെള്ളം കെട്ടിക്കിടക്കുകയാണെന്നും മറ്റും ഇയാൾ പറഞ്ഞിരുന്നു.
സത്യം അറിയിക്കണമെന്ന് ആശയോട് ആവശ്യപ്പെട്ടപ്പോഴാണു ഗർഭിണിയാണെന്നു സമ്മതിച്ചത്. ഇതു പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്നും മേലിൽ തന്റെ വീട്ടിലേക്കു വരരുതെന്നും ഇവർ താക്കീതും നൽകി. 24നു തനിച്ച് ഓട്ടോയിലാണ് ആശുപത്രിയിൽ പോയതെന്നും 26നു പ്രസവിച്ചെന്ന് അറിഞ്ഞെന്നും ആശാ പ്രവർത്തക പറഞ്ഞു.

 
                         
                                             
                                             
                                             
                                         
                                         
                                        