സോളാർ കേസ്; ഉമ്മൻചാണ്ടി ഒരാളുടെ ബ്ലാക്ക് മെയിലിന് വഴങ്ങിയതായി മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം
സോളാർ കേസുമായി ബന്ധപ്പെട്ട് ഒരാളുടെ ബ്ലാക്ക് മെയിലിന് ഉമ്മൻചാണ്ടി വഴങ്ങിയെന്ന് പറഞ്ഞതായി മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ച് കേസെടുത്തപ്പോൾ മുൻകൂർ ജാമ്യം എടുക്കില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ നിലപാട്.കമ്മീഷന് പിന്നിൽ ആരൊക്കെയോ ഉണ്ടായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായും മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം വെളിപ്പെടുത്തി.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ കേസിനെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലാണ് വിലപ്പെട്ട വെളിപ്പെടുത്തലുകൾ. പുതുപ്പള്ളി ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉമ്മൻചാണ്ടി പറഞ്ഞ കാര്യങ്ങളാണ് ലേഖനത്തിലുള്ളതെന്നും അദ്ദേഹം വക്തമാക്കി. രാഷ്ട്രീയ ജീവിതത്തിൽ തന്നെ ഒരുപാട് പേർ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അത്തരം ഭീഷണിക്ക് വഴങ്ങാത്ത താൻ ഒരാളുടെ ബ്ലാക്ക് മെയിലിംഗിന് വഴങ്ങിയെന്നുമാണ് ഉമ്മൻചാണ്ടിയുടെ ചൂണ്ടികാട്ടിയിരുന്നു. ആരെന്ന ചോദ്യത്തിന് മറുപടി നൽകിയില്ലെന്ന് ലേഖനത്തിൽ പറയുന്നുണ്ട്.
ഭരണം മാറിയപ്പോൾ സോളാർ കമ്മിഷന്റെ സമീപനത്തിലും മാറ്റം വന്നു. ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകിയപ്പോൾ മുൻകൂർ ജാമ്യം എടുക്കില്ലെന്നും അറസ്റ്റ് ചെയ്യട്ടെ എന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ നിലപാട്. സോളാർ പദ്ധതിക്കായി തന്നെ വന്നുകണ്ടയാളാണ് അറസ്റ്റു ചെയ്യപ്പെട്ട സരിത എന്ന് അറിയില്ലായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞതായും ലേഖനത്തിൽ പറയുന്നു.