ഉമർ ഫൈസിക്ക് വീണ്ടും മറുപടിയുമായി ബഹാഉദ്ദീൻ നദ്‌വി
മലപ്പുറം: മുശാവറ യോഗസംഭവങ്ങൾക്ക് പിന്നാലെ സമസ്തയിൽ തമ്മിലടി രൂക്ഷം. താനല്ല വാർത്ത ചോർത്തിയതെന്നും, ഉമർ ഫൈസി മുക്കം ‘കള്ളന്മാർ’ പ്രയോഗം നടത്തിയെന്നും ഉറച്ചുപറഞ്ഞ് ബഹാഉദ്ദീൻ നദ്‌വി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ ബഹാഉദ്ദീൻ നദ്‌വിയുടെ പ്രതികരണം. മുശാവറയിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോകാൻ കാരണം ഉമർ ഫൈസിയെന്ന് ആവർത്തിക്കുകയാണ് പോസ്റ്റിൽ ബഹാഉദ്ദീൻ നദ്‌വി. മുശാവറയിലെ ചർച്ചകൾ താനാണ് പുറത്തുവിട്ടതെന്ന് ഒരു വിഭാഗം ‘ഗീബൽസിയം’ നയമനുസരിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നു. തന്റെ പേരിലുളള ഈ നുണയുടെ സത്യാവസ്ഥ പുറത്തറിയിക്കാൻ വേണ്ടി മാത്രമാണ് താൻ മാധ്യമങ്ങളെ കണ്ടതെന്നും നദ്‌വി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കള്ളന്മാര്‍ എന്നു ബഹുവചനം തന്നെ ഫൈസി യോഗത്തിൽ പ്രയോഗിച്ചിരുന്നുവെന്നും മറ്റു മുശാവറ അംഗങ്ങളോട് ചോദിച്ചാല്‍ വസ്തുത അറിയാംമെന്നും നദ്‌വി പറയുന്നുണ്ട്.
സാദിഖലി തങ്ങൾക്കെതിരായ പ്രസംഗത്തിൽ തൻ ഉദ്ദേശിച്ചത് അദ്ദേഹത്തെയല്ല എന്ന് ഉമർ ഫൈസി നിരന്തരം പറയുന്നുണ്ട്. ഖാസി ഫൗണ്ടേഷനെ അല്ലെങ്കിൽ ആരെ ഉദ്ദേശിച്ചാണ് എടവണ്ണപ്പാറയിൽ സംസാരിച്ചതെന്ന് ഉമർ ഫൈസി വ്യക്തമാക്കണം. മുശാവറക്ക് ശേഷം സമസ്തയുടെ പേരില്‍ പുറത്തുവന്ന പ്രസ്താവന വസ്തുതകളോടും യാഥാര്‍ഥ്യങ്ങളോടും നിരക്കാത്തതെന്നും ബഹാഉദ്ദീൻ നദ്‌വി കൂട്ടിച്ചേർത്തു. നേരത്തെ മുശാവറ യോഗത്തിൽനിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന് ബഹാഉദ്ധീന്‍ നദ്‌വി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. മുശാവറ യോഗത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്ന് ഉമര്‍ ഫൈസി പറഞ്ഞത് നുണയാണ്. ഇടതുപക്ഷത്തിൻ്റെ നേതാവാണ് ഉമര്‍ ഫൈസി. അത് തെളിയിക്കുന്ന പലതും ഉമര്‍ ഫൈസി ചെയ്തു. ഇടതുപക്ഷത്തിന്റെ വേദിയില്‍ അദ്ദേഹം നാടകീയമായി നിസ്‌കരിച്ചെന്നും ബഹാഉദ്ധീന്‍ നദ്‌വി അന്ന് പറഞ്ഞിരുന്നു.