ഉമര്‍ നബിയുടെ വീട് സുരക്ഷാസേന തകര്‍ത്തു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുള്ള ഡോക്ടര്‍ ഉമര്‍ നബിയുടെ വീട് സ്‌ഫോടക വസ്തു ( ഐഇഡി) ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് സേന അറിയിച്ചത്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് നടപടിയെന്ന് സുരക്ഷാസേന അറിയിച്ചു. ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് ഉമര്‍ നബി.
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യൂണ്ടായ് ഐ20 കാറില്‍ എത്തിയ ഉമര്‍ നബി തിരക്കേറിയ റോഡില്‍ വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമര്‍ നബിയുടെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തു നിര്‍മ്മാണത്തിനായി ശേഖരിച്ച 2900 കിലോ അസംസ്‌കൃത സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.
