ഉൾവെ നിവാസികളുടെ യാത്രാ ദുരിതങ്ങൾ റെയിൽവെ പരിഹരിക്കണം / കേരളസമാജം നിവേദനം നൽകി
“നെരൂളിൽ നിന്നും ബേലാപൂരിൽ നിന്നും ഉറാനിലേക്കും തിരിച്ചും ഓരോ 10 മിനിറ്റിലും ട്രെയിൻ സർവീസ് വേണം “
നവിമുംബൈ: ഉൾവെ നിവാസികളുടെ യാത്രാ ദുരിതങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനംകേരള സമാജം ഉൾവെ നോഡ് ഭാരവാഹികൾ റെയിൽവേ അധികാരികൾക്ക് സമർപ്പിച്ചു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സമാജം അംഗങ്ങളിൽ നിന്നും പ്രദേശത്ത് താമസിക്കുന്നവരിൽ നിന്നുമായി ആയിരത്തിലധികം ഒപ്പുകൾ സമാജം ശേഖരിച്ചിരുന്നു.ഡിവിഷണൽ റെയിൽവേ മാനേജർ, ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ എന്നിവരെ( 6.11.24 ) കണ്ട് നിവേദനം അതോടൊപ്പം യാത്ര പ്രശ്നങ്ങൾ നേരിട്ട് അറിയിക്കുകയും ചെയ്തുവെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. കാര്യങ്ങൾ വിശദമായി പഠിച്ച് പരിഹാരം കണ്ടെത്താമെന്ന് അധികാരികൾ ഉറപ്പു നൽകിയതായി സെക്രട്ടറി ഷൈജ ബൈജു പറഞ്ഞു.
അനുദിനം ജനസംഖ്യ വർദ്ദിച്ചു കൊണ്ടിരിക്കുന്ന നവിമുംബൈയിലെ ഒരു വ്യാവസായിക നഗരമായി ഉൾവെ നോഡ് മാറികൊണ്ടിരിക്കുമ്പോഴും അത് തിരിച്ചറിഞ് കാലാനുസൃതമായ യാത്രാസൗകര്യങ്ങൾ പ്രദേശവാസികൾക്ക് റെയിൽവേ അനുവദിക്കുന്നില്ല എന്നാണ് ഇവിടെയുള്ളവർ ഉന്നയിക്കുന്ന പ്രധാന പരാതി.
നെരൂളിൽ നിന്ന് ഖാർകോപ്പറിലേക്കും ബേലാപൂരിൽനിന്ന് ഖാർകോപ്പറിലേക്കും റെയിൽവേ സർവീസുകൾ കഴിഞ്ഞ ആറ് വർഷമായി വർദ്ദിപ്പിച്ചിട്ടില്ല , ഉറാനിലേക്ക് സർവീസ് നീട്ടിയിട്ടും പഴയ സമയക്രമത്തിലാണ് ട്രെയിൻ ഓടുന്നതെന്നും പഴയതിനെക്കാളും നാലിരട്ടി യാത്രക്കാർ വർദ്ദിച്ചിട്ടും ഇതിൽ മാറ്റമില്ലത്തത് വലിയ യാത്രാപ്രശ്‌നമായി മാറിയിരിക്കയാണെന്നും സമാജം കമ്മിറ്റി അംഗവും സാമൂഹ്യ പ്രവർത്തകനുമായ അനിൽ പ്രകാശ് പറഞ്ഞു.
ഖാർകോപാറിൽ നിന്ന് നെരൂളിലേക്കുള്ള ആദ്യ ട്രെയിൻ രാവിലെ 6.30 നും അടുത്ത സർവീസ് 8.25 നും അതുപോലെ തന്നെ ഖാർകോപ്പറിൽ നിന്ന് ബേലാപൂരിലേക്കുള്ള ആദ്യ ട്രെയിൻ 7.45 നും അടുത്ത സർവീസ് 8.55 നും ആണ്. നെരൂളിൽ നിന്ന് ഉറാനിലേക്കുള്ള അവസാന ട്രെയിൻ രാത്രി 8:55 ആണ്, അതുപോലെ ബേലാപൂരിൽ നിന്ന് ഉറാനിലേക്കുള്ള അവസാന സർവീസ് രാത്രി 9:32നാണ്. നെരൂളിൽ നിന്ന് യുറാനിലേക്കുള്ള ആദ്യത്തേയും അവസാനത്തേയും യാത്രയ്ക്കിടയിലുള്ള EMU റേക്ക് 7 മണിക്കൂറിലധികം നിഷ്‌ക്രിയമായി കിടക്കുകയാണ് . ബേലാപൂരിൽ നിന്ന് ഉറാൻ സർവീസിലേക്കുള്ള റേക്കിൻ്റെ കാര്യവും ഇതുതന്നെ.കൂടുതൽ ട്രെയിൻ സർവീസും അവസാന ട്രെയിൻ രാത്രി II.30 വരെയെങ്കിലും നീട്ടണമെന്നാണ് ഉൾവെ നിവാസികളുടെ ആവശ്യം എന്ന് സമാജം പ്രസിഡന്റ് പ്രദീഷ് സക്കറിയ, വൈസ് പ്രസിഡന്റ് മുഹമ്മദ് അലി എന്നിവർ വ്യക്തമാക്കി.
” ഉൾവെയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും സാധാരണ തൊഴിലാളിവർഗക്കാരാണ്, റെയിൽവേയല്ലാതെ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ തേടാൻ ഞങ്ങൾക്ക് കഴിയില്ല.നെരൂളിൽ നിന്നും ബേലാപൂരിൽ നിന്നും ഉറാനിലേക്കും തിരിച്ചും ഓരോ 10 മിനിറ്റിലും ട്രെയിൻ സർവീസ് വേണം . കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കാതെ ഇതിനൊരു പരിഹാരമുണ്ടാവില്ല ” അനിൽ പ്രകാശ് പറഞ്ഞു.