ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
വിശ്വാസങ്ങളുടെ കാര്യത്തില്‍ അപൂര്‍വ്വതകളും പ്രത്യേകതകളും ധാരാളമുണ്ട് പത്തനംതിട്ട ജില്ലയിലെ പന്തളം ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്. ഉള്ളുതുറന്നു പ്രാര്‍ത്ഥിച്ചാല്‍ കേള്‍ക്കുന്ന കൃഷ്ണനും അത്യപൂര്‍വ്വമായ ഉറിവഴിപാടും ചേര്‍ന്ന് വ്യത്യസ്തമാക്കുന്ന ഉളനാട് ക്ഷേത്രം പത്തനംതിട്ടയിലെ മാത്രമല്ല, സമീപ ജില്ലകളില്‍ നിന്നുപോലും കേട്ടറിഞ്ഞ് വിശ്വാസികള്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്. ബാലരൂപത്തില്‍ കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നു കൂടിയാണ് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
സന്താനഭാഗ്യത്തിനും ഉദ്ദിഷ്ടകാര്യ സിദ്ധിക്കും വിശ്വാസികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.ബാലരൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. 68 വര്‍ഷങ്ങള്‍ക്കു മുന്‍പ് പോളച്ചിറ ജലാശയത്തിന്റെ കരയിൽ നിര്‍മ്മിച്ച ഈ ക്ഷേത്രം വളരെ പെട്ടന്നാണ് വിശ്വാസികളുടെ പ്രധാന ആശ്രയ കേന്ദ്രമായി മാറിയത്.
പ്രതിഷ്ഠാ സമയത്ത്
പ്രതിഷ്ഠയുടെ സമയം തൊട്ട് നടന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളാണ് വിശ്വാസികളുടെ ഇടയില്‍ ക്ഷേത്രത്തെ പ്രസിദ്ധമാക്കിയത്. പ്രതിഷ്ഠ നടന്ന തെളിഞ്ഞ ദിവസം പെട്ടന്നു ഇടിവെട്ടി മഴ പെയ്തതും ശ്രീകൃഷ്ണപരുന്ത് ശ്രീ കോവിലിനു മുകളിൽ വട്ടമിട്ടു പറന്നതും ഭഗവാന്റെ സാന്നിധ്യം ആണെന്നു കരുതുവാനാണ് ഇവിടുത്തുകാര്‍ക്കിഷ്ടം. വര്‍ഷങ്ങള്‍ക്കു ശേഷം പുനർനിർമ്മാണത്തിനായി ക്ഷേത്രത്തിന്റെ താഴികക്കുടം ഇളക്കിയപ്പോൾ പ്രതിഷ്ഠാ സമയത്ത് ഉള്ളിൽ സ്ഥാപിച്ച വെറ്റില വാടാതിരുന്ന സംഭവവും അത്ഭുതമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.
കൃഷ്ണനും കായൽ മാടനും
ഉളനാട് ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് കായല്‍ മാടന്‍. പണ്ടുകാലത്ത് ചതുപ്പും വെള്ളവും നിറഞ്ഞ പോളച്ചിറയും അതിന്റെ കരയിലെ കൈതക്കാടും ഒക്കെയായി ഇരുണ്ട പ്രദേശമായിരുന്നു ഇവിടം. അക്കാലത്തെ വിശ്വാസങ്ങള്‍ അനുസരിച്ച് പോളച്ചിറയില്‍ കായല്‍ മാടന്‍ എന്നൊരു ഭീകര സത്വം വസിച്ചിരുന്നുവത്രെ. ഇതുകാരണം പട്ടാപ്പകല്‍ പോലും കായല്‍ക്കരയിലൂടെ നടക്കുക എന്നത് ആളുകള്‍ക്ക് സാധിക്കുന്ന ഒരു കാര്യമായിരുന്നില്ല. ഇങ്ങനെ പേടിച്ച് ആളുകള്‍ കഴിയവെ ആണ് ഇവിടെ ക്ഷേത്രം വരുന്നത്. ക്ഷേത്രം ഇവിടെ വന്നതില്‍ പിന്നെ കായല്‍ മാടന്റെ ശല്യം ഉണ്ടായിട്ടില്ല എന്നാണ് ഇവിത്തെ ആളുകള്‍ പറയുന്നത്.
ബാലരൂപത്തില്‍ പ്രതിഷ്ഠയും ഉറിവഴിപാടും
ബാലരൂപത്തില്‍ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണ് ഉളനാട് ക്ഷേത്രം. ഈ കൃഷ്ണനെ കണ്ടു പ്രാര്‍ത്ഥിക്കുവാനായി സമീപ ജില്ലകളില്‍ നിന്നുപോലും വിശ്വാസികളെത്തുന്നു. ലോകത്തില്‍ ഉറിവഴിപാടു നടത്തുന്ന ഏക ക്ഷേത്രമാണിതെന്നാണ് കരുതുന്നത്. ഉദ്ദിഷ്ട കാര്യ സിദ്ധിക്കായാണ് ഉറിവഴിപാട് നടത്തുക. വെണ്ണ, അവൽ, കൽക്കണ്ടം, പഞ്ചസാര, കദളി പഴം ലഡ്ഡു ഇവ ഭക്തന്റെ ഇഷ്ടം അനുസരിച്ച് നിറച്ച ഉറി ശ്രീകോവിലിനു ചുറ്റും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഒരു പ്രദക്ഷിണം വെച്ച ശേഷം നമസ്ക്കാരമണ്ഡപത്തിൽ വെക്കുന്നു. അതിനു ശേഷം ഉറിയിലെ വിഭവം മേൽശാന്തി ഉണ്ണിക്കണ്ണന് നേദിക്കുന്നു അതിനുശേഷം ഉറി സമര്‍പ്പിച്ചയാൾ കൊച്ചുകുട്ടികൾക്ക് ആദ്യം പ്രസാദമായി നൽകും. ഇതാണ് ഉറി വഴിപാടിന്റെ ചടങ്ങ്.
മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ
ഉറി വഴിപാടിന് ഒപ്പം തന്നെ പ്രസിദ്ധമാണ് ഇവിടുത്തെ മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജയും. ഉദിഷ്ടകാര്യസിദ്ധിക്കായാണ് ഇത് നടത്തുന്നത്. എല്ലാ രോഹിണി നാളിലും രാവിലെ 9.30 മുതൽ 10 .30 വരെ ഒരു മണിക്കൂർ നേരമാണ് ഈ പൂജ നടക്കുന്നത്. പൂജയില്‍ നമ്മൾ കൊണ്ടുവന്ന ധനം (നാണയം) ഒരു വെറ്റ യിൽ വെച്ച് ഉളനാട്ടിലെ ഉണ്ണികണ്ണന് സമര്‍പ്പിച്ച് നമ്മളുടെ ഉദിഷ്ട കാര്യം പ്രാര്‍ത്ഥിക്കുന്നതാണ് പൂജയിലെ പ്രധാന ചടങ്ങ്. വിവാഹതടസം, ജോലിതടസം,സന്താന തടസ്സം എന്നിവ മാറുവാനാണ് ഇതില്‍ ആളുകള്‍ പ്രധാനമായും പങ്കെടുക്കുന്നത്.
രക്ഷസ്സിനു പാൽപ്പായസം വഴിപാട്
നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചുകിട്ടാനായി ക്ഷേത്രത്തില്‍ പാൽപായസം വഴിപാട് നേർന്നാൽ കളഞ്ഞുപോയ സാധനം തിരികെ കിട്ടുമെന്നാണ് വിശ്വാസം.
ദുർഗയ്ക്ക് കുംഭത്തിലെ കാർത്തിക ഉത്സവവും പൊങ്കാല ,ഭാഗവതിസേവ , വിദ്യാരംഭവും
നാഗരാജാവ് , നാഗയക്ഷിക്ക് തുലാ മാസത്തിലെ ആയില്യത്തിന് നൂറും പാലും
ഗണപതി ഭഗവാനു ചിങ്ങത്തിലെ വിനായക ചതുർഥിക്ക് അപ്പം മൂടൽ എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍. വിശേഷാവസരങ്ങളിൽ മഴ പെയ്യാതിരിക്കാനായി ഇവിടുത്തെ ഗണപതിക്ക് തേങ്ങാ ഉടച്ചു പ്രാർത്ഥിച്ചാൽ ചടങ്ങുകൾ കഴിയുന്നതുവരെ മഴ മാറി നിൽക്കാറുണ്ടെന്നാണ് മറ്റൊരു വിശ്വാസം.
വിശേഷ ദിവസങ്ങളും ഉത്സവവും
ചിങ്ങത്തിലെ തിരുവോണം , വിനായക ചതുർത്ഥി, അഷ്ടമിരോഹിണി,കന്നിയിലെ പൂജവയ്‌പ്പ്, വിദ്യാരംഭം, തുലാമാസത്തിലെ ആയില്യംപൂജ,
വൃശ്ചികം ഒന്നുമുതൽ പന്തണ്ട് വരെ കളഭവും അവതാര ചാർത്ത്, വൃശ്ചികചിറപ്പും പന്തണ്ട് വിളക്ക്,മകരത്തിൽ മകരവിളക്ക് മഹോത്സവവും പറ എഴുന്നെള്ളിപ്പ് ഉത്സവവും ,
കുംഭത്തിലെ കാർത്തിക പൊങ്കല്‍, രോഹിണി മാസത്തിലെ തിരുവുത്സവം,
മീന മാസത്തിലെ രോഹിണിനാളിൽ പ്രതിഷ്ഠാ മഹോത്സവം,മേടത്തിൽ വിഷുക്കണി , സപ്താഹം കർക്കിടക മാസത്തിൽ രാമായണമാസം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങള്‍. വര്‍ഷത്തില്‍ 9 മാസവും ഇവിടെ ആഘോഷങ്ങള്‍ കാണാം.
എത്തിച്ചേരുവാന്‍
പത്തനംതിട്ട ജില്ലയിൽ പന്തളം കുളനട ഗ്രാമപഞ്ചായത്തില്‍ ഉളനാട് എന്ന സ്ഥലത്താണ് ഉളനാട് ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്തളത്തു നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.
കടപ്പാട്: ഭഗവത്ഗീത ഗ്രൂപ്പ്