യുവതിയുടെ മുഖത്ത് തീവ്രമായി പൊള്ളലേറ്റു ; ചർമം തിളങ്ങാൻ ചെയ്ത സൗന്ദര്യ ചികിത്സ പിഴച്ചു
സൗന്ദര്യ സംരക്ഷണത്തിനായി നിരവധി മാർഗങ്ങൾ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ ഇത്തരം സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുന്നത് വൈദഗ്ധ്യമുള്ള ഇടങ്ങളിൽ നിന്നുതന്നെയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ സ്ഥലത്തെ ആശ്രയിച്ചില്ലെങ്കില്‍ ഇവ സൗന്ദര്യവര്‍ധനവിന് പകരം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാവും നയിക്കുക. അത്തരമൊരു അനുഭവമാണ് യു.കെ.യിൽ നിന്നുള്ള മെലിയ നീല്‍സൻ എന്ന യുവതിക്ക് പങ്കുവെക്കാനുള്ളത്. മൈക്രോ നീഡ്ലിങ്ങെന്ന പ്രക്രിയയിലൂടെ കടന്നു പോയതിനു പിന്നാലെ ഗുരുതരമായ പൊള്ളലേറ്റതിനേക്കുറിച്ചാണ് മെലിയ പങ്കുവെച്ചിരിക്കുന്നത്.
യു.കെയിലെ പ്രമുഖ ബ്യൂട്ടിപാര്‍ലറില്‍ നിന്നാണ് മെലിയക്ക് ദുരനുഭവമുണ്ടായത്. ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനുള്ള ചികിത്സയാണിത്. ന്യുയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഏകദേശം 100 ഡോളറോളം രൂപ ഈ പ്രക്രിയയ്ക്കായി മെലിയക്ക് ചിലവായിരുന്നു
മൈക്രോനീഡിലിങ്ങ് ചെയ്യുന്ന സമയത്തുതന്നെ രക്തസ്രാവം ഉണ്ടായതായി മെലിയ പറയുന്നു. അമിതമായ ടോണര്‍ ഉപയോഗം പൊള്ളലിന് കാരണമായെന്നാണ് മെലിയ സംശയിക്കുന്നത്. ഇത് ചെയ്യുന്ന വ്യക്തിയോട് തന്റെ ആശങ്ക പങ്കുവെച്ചെങ്കിലും അയാള്‍ എല്ലാം നിഷ്‌കരുണം തള്ളികളയുകയായിരുന്നുവെന്ന് മെലിയ വ്യക്തമാക്കി.
പ്രക്രിയ നടന്ന പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ മുഖത്താകമാനം പൊള്ളലേറ്റിരുന്നുവെന്ന് മെലിയ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തി വൈദ്യസഹായം തേടി. കെമിക്കല്‍ ബേണ്‍ എന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പൊള്ളലാണിതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ബ്യൂട്ടിപാര്‍ലറിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മെലിയ.
എന്താണ് മൈക്രോനീഡിലിങ്ങ്
സൗന്ദര്യ വര്‍ധനവിനായി ചെയ്യുന്നൊരു പ്രക്രിയയാണ്മൈക്രോ നീഡ്ലിങ്ങ്. കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കുക, മൃദുലമായ ചര്‍മമാക്കുക, പാടുകള്‍ നീക്കം ചെയ്യുക, മുഖക്കുരു നീക്കം ചെയ്യുക, ചുളിവുകള്‍ മാറ്റുക തുടങ്ങിയവയ്ക്ക് വേണ്ടി അണുവിമുക്തമായ വളരെ ചെറിയ സൂചികള്‍ ഉപയോഗിച്ച് മുഖത്ത് ആവർത്തിച്ച് തുളച്ചുകൊണ്ടുള്ള രീതിയാണിത്.