വിദേശ പൗരന്മാർക്ക് യുകെയും ഓസ്‌ട്രേലിയയും വിസാ ഫീസ് വർദ്ധിപ്പിക്കുന്നു

ന്യുഡൽഹി :ഏപ്രിൽ ഒന്നുമുതൽ യുകെയിലേക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കൂടുതൽ തുക നൽകണം. വിദേശ പൗരന്മാർക്ക് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും വിസ ഫീസ് വർധിപ്പിച്ചതാണ് കാരണം. നിലവിലുള്ള നിരക്കിനേക്കാൾ 13% വരെ വർദ്ധനവാണ് പുതിയ നിരക്ക് എന്നാണ് വിവരം.വിസിറ്റ് വിസ, സ്റ്റുഡന്റ് വിസ, വർക്ക് വിസ എന്നിവയിലെല്ലാം ഈ നിരക്ക് വർധന ബാധകമാണ്. യുകെയിലും ഓസ്ട്രേലിയയിലും പഠനം ലക്ഷ്യമിട്ടു പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെയാണ് ഇത് കൂടുതലായി ബാധിക്കുക.
ആറുമാസത്തെ വിസിറ്റ് വിസയ്ക്ക് നേരത്തെ 12700 രൂപയാണ് യുകെ ഈടാക്കിയത്. ഇത് ഇനി മുതൽ 14000 രൂപയാകും. രണ്ടുവർഷം വരെയുള്ള വിസിറ്റ് വിസക്ക് 52392 രൂപയാണ് പുതിയ നിരക്ക്. അഞ്ചുവർഷത്തേക്കുള്ള വിസിറ്റ് വിസയെങ്കിൽ 93533 രൂപ നൽകണം. പത്തുവർഷം താമസിക്കാൻ ആഗ്രഹിക്കുന്നവർ 116806 രൂപയാണ് നൽകേണ്ടത്. റെഗുലർ സ്റ്റുഡന്റ് വിസക്ക് പുതിയ ഫീസ് 57,796 രൂപയാണ്. ഇംഗ്ലീഷ് ഭാഷ കോഴ്സുകൾ പഠിക്കാനായി ആറു മുതൽ 11 മാസത്തേക്ക് വരെ ബ്രിട്ടനിൽ പോകാൻ ആഗ്രഹിക്കുന്നവർ 23604 രൂപ നൽകണം.
മൂന്നുവർഷത്തേക്ക് വരെയുള്ള കില്‍ഡ് വർക്കർ വിസയുടെ പുതിയ 84,820 രൂപയാണ്. ഇന്നവേറ്റർ ഫൗണ്ടർ വിസയ്ക്ക് 140520 രൂപയാണ് പുതിയ ഫീ. അതേസമയം ഓസ്ട്രേലിയയിൽ വിവിധ സർവകലാശാലകൾ ട്യൂഷൻ ഫീ കുത്തനെ കൂട്ടിയിട്ടുണ്ട്. 7% വരെയാണ് വർദ്ധന. മെൽബൺ സർവകലാശാലയിൽ എൻജിനീയറിങ് പഠനത്തിന് 30.36 ലക്ഷം രൂപ പ്രതിവർഷം നൽകണം. ഇവിടെ ക്ലിനിക്കൽ മെഡിസിൻ പഠിക്കാൻ 60.6 ലക്ഷം ആണ് വാർഷിക ഫീസ്.