പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡലുകളുമായി മനു ഭാക്കർ;ഡൽഹിയിൽ ഉജ്ജ്വല വരവേൽപ്

0

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനതാരമായി മാറിയ ഷൂട്ടിങ് താരം മനു ഭാക്കറിന് ഡൽഹിയിൽ ഉജ്ജ്വല വരവേൽപ്. സ്വര്‍ണത്തിളക്കമുള്ള രണ്ട് വെങ്കലമെഡലുകള്‍ നേടിയാണ് മനു രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയത്. ബുധനാഴ്ച രാവിലെ 09:20-ഓടെയാണ് മനു ഭാക്കറുമായുള്ള എയര്‍ ഇന്ത്യ വിമാനം (എ.ഐ.142) ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. മുൻനിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്.

മനുവിന്റെ പിതാവ് രാം കൃഷ്ണന്‍, മാതാവ് സുമേധ, പരിശീലകന്‍ ജസ്പാല്‍ റാണ, സമീപ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍, കായികപ്രേമികള്‍ തുടങ്ങി നൂറുകണക്കിന് പേരാണ് വിമാനത്താവളത്തില്‍ മനുവിനെ സ്വീകരിക്കാനായി എത്തിയത്. വാദ്യഘോഷങ്ങള്‍ മുഴക്കിയും പാട്ടുകള്‍ പാടിയും നൃത്തം ചെയ്തുമെല്ലാമാണ് തങ്ങളുടെ പ്രിയതാരത്തെ അവര്‍ ജന്മനാട്ടിലേക്ക് സ്വീകരിച്ചത്. മനു ബാക്കറിന്റേയും പരിശീലകന്‍ ജസ്പാല്‍ റാണയുടെയും ചിത്രങ്ങളുള്ള ബാനറുകളും അവര്‍ ഉയര്‍ത്തിയിരുന്നു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിൽ വ്യക്തിഗതമായും മിക്‌സഡ് ടീം എയര്‍ പിസ്റ്റള്‍ ഇനത്തില്‍ സരബ്ജോത് സിങ്ങിനൊപ്പവുമാണ് മനു ഭാക്കർ ഇന്ത്യയ്ക്കായി പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡലുകൾ നേടിയത്. ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും മനു സ്വന്തമാക്കി.

ഒളിമ്പിക് ഷൂട്ടിങ്ങില്‍ 12 വര്‍ഷം നീണ്ട ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് അറുതി വരുത്തിയായിരുന്നു മനു ആദ്യ വെങ്കലമെഡൽ കഴുത്തിലണിഞ്ഞത്. ഇതോടൊപ്പം ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഈ 22-കാരിയെ തേടിയെത്തി.
Spread the love

Leave a Reply

Your email address will not be published. Required fields are marked *