ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
ഇടുക്കി: ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്. അയൽവാസിയായ ശശികുമാറാണ് വെള്ളിയാഴ്ച ഷീലയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ശശികുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ എസ്‌റ്റേറ്റിലെ ജീവനക്കാരാണ് ഷീലയും ശശികുമാറും
ഇരുവരും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഏലം ശേഖരിക്കുന്ന സ്‌റ്റോറിന് അടുത്ത് വെച്ച് ഷീലയെ ശശികുമാർ ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് എസ്‌റ്റേറ്റ് ലയത്തിനുള്ളിലേക്ക് കൊണ്ടുപോയ ശേഷമാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.