ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

മലപ്പുറം: ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. വത്സമ്മ സെബാസ്റ്റ്യനാണ് പ്രസിഡൻ്റ് സ്ഥാനത്തിൽ നിന്ന് വിജയിച്ചത്. സിപിഎം സ്വതന്ത്ര നുസൈബ സുധീർ കൂറുമാറിയതോടെയാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വീണ്ടും നടക്കുന്നത്.
നുസൈബ സുധീര്‍ വൈസ് പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചു. വത്സമ്മ സെബാസ്റ്റ്യന് 10 വോട്ടും ബിന്ദു കുരിക്കാശേരിക്ക് 9 വോട്ടുമാണ് ലഭിച്ചത്. അവിശ്വാസ പ്രമേയം സംഘഷർത്തിനിടയാക്കിയതിനാൽ വൻ പൊലീസ് സംരക്ഷണയിലാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും ഉദ്യോഗസ്ഥരേയും മാത്രമാണ് പഞ്ചായത്ത് കോമ്പൗണ്ടിലേക്ക് കടത്തി വിട്ടത്. എന്നാൽ എൽഡിഎഫ് പ്രവർത്തകർ സ്ഥലത്ത് എത്തിയിരുന്നില്ല. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ നാലാമത്തെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പാണ് ചുങ്കത്തറയിൽ നടന്നത്. 2020ലെ തെരഞ്ഞെടുപ്പില്‍ 20 അംഗ ഭരണസമിതിയില്‍ യുഡിഎഫും എല്‍ഡിഎഫും 10 വീതം അംഗങ്ങളുമായി ബലാബലത്തില്‍ നില്‍ക്കുമ്പോഴാണ് നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം ലഭിച്ചത്.
പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങള്‍ യുഡിഎഫിന് ലഭിച്ചു. പിന്നീട് പി വി അന്‍വര്‍ ഇടപെട്ട് യുഡിഎഫ് സ്വതന്ത്ര നജ്‌മുന്നീസയെ എല്‍ഡിഎഫ് പക്ഷത്ത് എത്തിച്ച് ഭരണം നേടി. എന്നാല്‍ പിന്നീട് കൂറുമാറ്റത്തിനെതിരെ യുഡിഎഫ് നല്‍കിയ കേസില്‍ നജ്‌മുന്നീസക്ക് സ്ഥാനം നഷ്‌ടമായി.