ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹെല്‍ത്ത് കമ്മീഷനുമായി യുഡിഎഫ്

തിരുവനന്തപുരം : ഹെൽത്ത് കമ്മീഷനുമായി യുഡിഎഫ് രംഗത്തെത്തി. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ പഠിക്കാനാണ് യുഡിഎഫിന്റെ ഹെൽത്ത് കമ്മീഷൻ . ഡോ. എസ്. എസ് ലാലാണ് സമിതിയുടെ അധ്യക്ഷൻ ആകുന്നത്. അഞ്ചംഗ കമ്മീഷനെയാണ് നിയോഗിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ പ്രഥമ റിപ്പോർട്ടും ആറ് മാസത്തിനുള്ളിൽ സമ്പൂർണ റിപ്പോർട്ടും സമർപ്പിക്കുമെന്നാണ് വിവരം.
ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരുകളുടെ ഭരണപരാജയത്തെ തുടർന്ന് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള സങ്കീർണവും ഗുരുതരവുമായ പ്രശ്നങ്ങൾ പഠിക്കാനും ദീർഘകാല വീക്ഷണത്തോടെയുള്ള പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കാനുമാണ് ഇത്തരമൊരു ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വാർത്താകുറിപ്പിൽ വ്യക്കമാക്കി.
അഞ്ച് ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങളിലെ പൊതുജനാരോഗ്യ പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുള്ള ആഗോള ആരോഗ്യ വിദഗ്ധനായ ഡോ: എസ്.എസ് ലാലാണ് സമിതി അധ്യക്ഷനെന്നും പറയുന്നു.ലോകാരോഗ്യ സംഘടനയുൾപ്പെടെ വിവിധ യു.എൻ പ്രസ്ഥാനങ്ങളിലും സമാന അന്തർദേശീയ പ്രസ്ഥാനങ്ങളിലും ഉന്നത നേതൃസ്ഥാനങ്ങൾ വഹിച്ച ഡോ: ലാൽ ആഗോള ആരോഗ്യ പ്രസ്ഥാനത്തിന്റെ ഏഷ്യാ-പസഫിക് ഡയറക്ടറും, പൊതുജനാരോഗ്യ പ്രൊഫസറും യു.എൻ. കൺസൽട്ടന്റുമാണ്.