അമേരിക്കയിൽ ഭൂചലനം: തീവ്രത 7.0
കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയ തീരത്ത് വൻഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്, ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ നഗരമായ ഫെർണ്ടെയ്‌ലിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പ്രാദേശിക സമയം രാവിലെ 10:44നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇന്ത്യൻ സമയം അർധരാത്രി 12:14 ഓടെയായിരുന്നു ഭൂചലനം.
സാൻ ഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ യുഎസിലെ ദേശീയ സുനാമി കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.
കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിലായിരുന്നു സുനാമി മുന്നറിയിപ്പ് നൽകിയത്. ഭൂചലനത്തിൽ ആളപായമോ പരിക്കുകളോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച യുഎസ് ജിയോളജിക്കൽ സർവേ, വൈകാതെ തന്നെ സുനാമി മുന്നറിയിപ്പ് പിൻവലിക്കുകയായിരുന്നു.
ശക്തമായ തിരമാലകൾ നിങ്ങളുടെ സമീപ തീരങ്ങളെ ബാധിച്ചേക്കാം. തീരദേശ ജലാശയങ്ങളിൽ നിന്ന് മാറിനിൽക്കുക. ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾനാടുകളിലേക്കോ നീങ്ങുക. മടങ്ങിയെത്താൻ പ്രാദേശിക ഉദ്യോഗസ്ഥർ നിർദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നിൽക്കുക. എന്നായിരുന്നു മുന്നറിയിപ്പ്.