അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തം
അമേരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്മാറ്റം തുടരുന്നു. ജനുവരിയിലെ പ്രതികൂല നിപാട് ഫെബ്രുവരിയിലും വിദേശ നിക്ഷേപകര്‍ തുടരുകയാണ്. മുഖ്യ പലിശ നിരക്കുകള്‍ ഉടനടി കുറയാന്‍ ഇടയില്ലെന്ന ഫെഡറല്‍ റിസര്‍വിന്റെ സൂചനയാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ ഓഹരി വിപണികളില്‍ നിന്നും പണം പിന്‍വലിക്കാന്‍ തുടങ്ങി.
ഫെബ്രുവരിയില്‍ ഇതുവരെ 3,075 കോടി രൂപയാണ് വിദേശ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. ഡിസംബറില്‍ 66,100 കോടി രൂപയുടെ നിക്ഷേപം അവര്‍ ഓഹരി വിപണിയില്‍ നടത്തിയിരുന്നു. അതേസമയം ഇന്ത്യന്‍ കടപ്പത്ര വിപണിയിലേക്കുള്ള വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ശക്തമായി തുടരുകയാണ്.