അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കി യുഎഇ: സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍

ദുബായ് : യുഎഇയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കികൊണ്ടാണ് യുഎഇ മീഡിയ കൗണ്‍സിലിന്റെ പുതിയ നിയന്ത്രണം.ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് സൗജന്യമായിരിക്കും.
പേര്‍സണല്‍ അക്കൗണ്ടുകള്‍ വഴിയോ ഏജന്‍സികള്‍ വഴിയോ ഉള്ള എല്ലാത്തരം പ്രമോഷനുകള്‍ക്കും ഈ മാറ്റം ബാധകമാണ്.യുഎഇയിലെ ഡിജിറ്റല്‍ പരസ്യ മേഖലയിലെ സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്‌ആപ്പ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ നല്‍ക്കുന്ന പരസ്യങ്ങള്‍ക്കാണ് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്.
സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്ന വ്യക്തികള്‍ക്ക് ഈ പെര്‍മിറ്റ് നിര്‍ബന്ധമാണെന്ന് യുഎഇ മീഡിയ കൗണ്‍സില്‍ അറിയിച്ചു.നേരത്തെ മാധ്യമ മേഖലയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് സോഷ്യല്‍ മീഡിയയിലും നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില പരസ്യങ്ങള്‍ ജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്ന കാരണത്താലാണ് മീഡിയ കൗൺസിൽ പുതിയ മാറ്റം കൊണ്ടു വരുന്നത്.