യുഎഇ തണുത്ത് വിറക്കുന്നു
ദുബായ്: യുഎഇയില്‍ കൊടുംതണുപ്പ്. റാസല്‍ഖൈമയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ജെയ്‌സില്‍ ഞായറാഴ്ച രാവിലെ 3.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ റെക്കോര്‍ഡ് താപനിലയാണിത്. ശനിയാഴ്ച രാവിലെ അഞ്ചോടെ ജബല്‍ ജെയ്‌സില്‍ 4.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇത് വീണ്ടും കുറഞ്ഞാണ് ഈ വര്‍ഷത്തെ രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് ഞായറാഴ്ച രേഖപ്പെടുത്തിയത്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും താപനില കുറഞ്ഞതായാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ജബല്‍ മബ്‌രിഹില്‍ 5.9 ഡിഗ്രിയും ജബല്‍ അല്‍ റഹ്ബയില്‍ 6.2 ഡിഗ്രിയും റക്‌നല്‍ 6.7 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. ജബല്‍ ജൈസ് കഴിഞ്ഞാല്‍ ഇവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും തണുപ്പുള്ളത്. അതേസമയം ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് ഫുജൈറയിലാണ്. 25.3 ഡിഗ്രിയാണ് ഫുജൈറ ദദ്‌നയിലെ താപനില. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ അടക്കം എല്ലാ എമിറേറ്റുകളിലും തണുപ്പേറിയിട്ടുണ്ട്. നേരത്തെ ജനുവരി ആദ്യത്തില്‍ അല്‍ഐനിലെ റക്‌നയില്‍ 5.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.