ഭാരത്-യുഎഇ ദോസ്തി: ഇന്ത്യ-യുഎഇ സൗഹൃദം നീളാല്‍ വാഴട്ടെയെന്നും നരേന്ദ്ര മോദി പറഞ്ഞു
അബുദാബി: യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. കയ്യടികളോടെയാണ് സദസ് മോദിയെ വരവേറ്റത്. ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ് എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും ഇന്ത്യ-യുഎഇ സൗഹൃദം നീളാല്‍ വാഴട്ടെയെന്നും നരേന്ദ്ര മോദി പറഞ്ഞു. യുഎഇ പ്രസിഡന്‍റിനെ സഹോദരൻ എന്നും മോദി പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചതിന് പിന്നാലെ അറബിയിലും ഹിന്ദിയിലും മോദി പ്രസംഗിച്ചു. അറബിയില്‍ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.
2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി യുഎഇ എന്നെ ആദരിച്ചു. ഇത് എനിക്കുള്ള ബഹുമതിയില്ല. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഷെയ്ഖ് മുഹമ്മദിനെ കാണുമ്പോഴെല്ലാം ഇന്ത്യൻ ജനതയെക്കുറിച്ച് എന്നും പ്രശംസിക്കാറുണ്ട്. ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. അബുദാബിയിൽ ക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിക്കാനുള്ള ചരിത്രമുഹൂർത്തമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യ-യുഎഇ ദൃഢബന്ധം വ്യക്തമാണ്
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറ് മാസം ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയെ മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആണ് യുഎഇ. ഇന്ത്യയുടെ ഏഴാമത്തെ വലിയ നിക്ഷേപകർ. 2047ഓടെ വികസിത ഭാരതം യഥാര്‍ത്ഥ്യമാക്കുമെന്ന് മോദി പറഞ്ഞു. യുഎഇയിലും മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തില്‍ നരേന്ദ്ര മോദി എടുത്തു പറഞ്ഞു. മൂന്നാമത്തെ സാമ്പത്തിക ശക്തി ആക്കി ഇന്ത്യയെ മാറ്റുമെന്നും ഇതാണ് മൂന്നാം മോദി സർക്കാരിന്‍റെ ഉറപ്പെന്നും നിങ്ങളുടെ ദുരിതം തീർക്കാൻ കഠിന അധ്വാനം ചെയ്യുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
യു കെ എംപി പ്രീതി പട്ടേൽ അഹ്‌ലൻ മോദി പരിപാടിയില്‍ പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദി അബുദാബിയിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മുമ്പായി ഐ ഐ ടി ഡൽഹിയുടെ അബുദാബി ക്യാമ്പസിൽ വിദ്യാർഥികളുമായും സംവദിച്ചു.