അപേക്ഷ നൽകുന്ന ദിവസം എല്ലാപിഴകളും പൂർണമായും ഒഴിവാക്കും; യുഎഇ പൊതുമാപ്പ്
ദുബായ്: പൊതുമാപ്പിന് അപേക്ഷിക്കുമ്പോള്‍തന്നെ ആ വ്യക്തിയുടെ പേരിലുള്ള എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കുമെന്ന് താമസ, കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. പൊതുമാപ്പ് നടപടിക്രമങ്ങള്‍ കഴിയുന്നത്ര എളുപ്പമാക്കാനാണ് ശ്രമം.
പിഴകള്‍ വേഗത്തില്‍ ഒഴിവാക്കി നല്‍കുന്നത് കൂടുതല്‍ അപേക്ഷകരെ മുന്നോട്ടുവരാന്‍ പ്രോത്സാഹിപ്പിക്കും. എല്ലാവര്‍ക്കും ജീവിതത്തില്‍ പുതിയൊരു തുടക്കം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.പൊതുമാപ്പിന്റെ രണ്ടാംദിനവും ഒട്ടേറെപ്പേര്‍ ദുബായ് അല്‍ അവീറിലെ കേന്ദ്രത്തില്‍ അപേക്ഷ നല്‍കാനെത്തി. ആദ്യദിനം ആയിരത്തോളം പേര്‍ അപേക്ഷ നല്‍കിയിരുന്നു.അടുത്തമാസം 31 വരെ രണ്ടുമാസമാണ് പൊതുമാപ്പ്. ദുബായിലുടനീളമുള്ള 86 ആമര്‍ സെന്ററുകളിലും പൊതുമാപ്പിന് അപേക്ഷിക്കാം.