കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭയുടെ മകനെ ഒഴിവാക്കും; തെളിവില്ലെന്ന് എക്സൈസ്

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎ യുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ യു പ്രതിഭയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് കണ്ടെത്തൽ. കേസിലെ 9 പ്രതികളിൽ കനിവിനെ മാത്രമാണ് ഒഴിവാക്കുക.
എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ നൽകിയ പരാതിയിലാണ് അസി. എക്സൈസ് കമ്മിഷണർ സംസ്ഥാന എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിക്ക് സാധ്യതയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സി ഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരുടെയും സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു.
ഡിസംബർ 28നാണ് യു പ്രതിഭയുടെ മകൻ കനിവ് അടക്കം 9 പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നും ഉൾപ്പെടെ ആരോപിച്ചാണ് യു പ്രതിഭ പരാതി നൽകിയത്.