വായനലോകം കീഴടക്കിയ രണ്ടക്ഷരം
പ്രശസ്‌ത എഴുത്തുകാരൻ മേഘനാദൻ എംടിയെ സ്മരിക്കുന്നു…
” മഹാപ്രതിഭകൾ ഈ ലോകത്തിൽനിന്ന് വിട പറയുമ്പോൾ അവരുടെ മരണത്തെക്കുറിച്ച് ആലങ്കാരികമായ
ഭാഷ എഴുത്തിലും സംസാരത്തിലും വരും. എം.ടി. എന്ന സാഹിത്യകാരൻ ഇനി നമുക്കൊപ്പമില്ല എന്ന
വാർത്ത അത്തരം ഒരു ആലങ്കാരിക ഭാഷയ്ക്ക് നിദാനമായി. മനസ്സിൽ ഞാൻ പറഞ്ഞു:”ഒരു ദീപസ്തംഭം കെട്ടണഞ്ഞു !”
മരണം പ്രകൃതി നിയമം. ഇന്നല്ലെങ്കിൽ നാളെ അത് ജീവനെ ഊതിക്കെടുത്തുന്നു.
മലയാള സാഹിത്യത്തിൽ നിറഞ്ഞു കത്തിയ ദീപസ്തംഭമായിരുന്നു എം.ടി എന്ന രണ്ടക്ഷരങ്ങളിൽ
സാഹിത്യലോകം കൊണ്ടാടിയ എം.ടി. വാസുദേവൻനായർ. സാഹിത്യപ്രേമികൾക്ക് ആ നാമം
മനസ്സിന്റെ അടിത്തട്ടിൽ വേരോടിയ വികാരമാണ്. ആത്മചൈതന്യത്തിന്റെ ഭാഷയാണ്.
എഴുത്തിന്റെ മാന്ത്രിക പ്രഭാവത്തിലൂടെ തലമുറകളെ സ്വാധീനിക്കുകയും എഴുത്തുകാരെ
സൃഷ്ടിക്കുകയും ചെയ്ത മറ്റൊരു സാഹിത്യകാരൻ എം.ടി യെപ്പോലെ മലയാളത്തിൽ വേറെയില്ല.
കഥകളിലൂടെ, നോവലുകളിലൂടെ, ചലച്ചിത്ര ഭാഷ്യങ്ങളിലൂടെ പുതിയ വൻകരകൾ അതുല്യനായ ഈ
എഴുത്തുകാരൻ കണ്ടെത്തി.
കാലത്തെ വെന്ന് പുതിയ തലമുറയുടെ വായന അഭിരുചികൾക്ക് തൃപ്തി പകർന്ന വൈദഗ്ദ്ധ്യം എം.ടി
യുടെ രചനകളിൽ നമ്മൾ കണ്ടു. കർക്കിടകവും ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും എഴുതിയ എം.ടി അല്ല, ഷെർലക്കും വില്പനയും കാഴ്ചയും എഴുതിയ എം.ടി.
നോവലിലും നമുക്ക് കാണാം ഈ പരീക്ഷണം. വിമലയുടെ കഥ പറയുന്ന മഞ്ഞ് മനസ്സിൽ നിറയ്ക്കുന്നത് കാവ്യാനുഭൂതിയാണെങ്കിൽ ഇതിഹാസ കഥാപാത്രമായ ഭീമൻ നിസ്സഹായതയുടെ നെടുവീർപ്പുകൾ അനുവാചക മനസ്സിൽ ഉയർത്തി വിടുന്നു.. കരുത്തനായ ഭീമൻ. യുദ്ധത്തിൽ ജയിച്ചിട്ടും ധർമ്മപ്രകാരമുള്ള രാജ്യഭരണം അയാൾക്ക് നഷ്ടമായി. ആ കഥ രണ്ടാമൂഴത്തിലൂടെ എം.ടി പറഞ്ഞപ്പോൾ അത് മറ്റൊരു ഇതിഹാസമായി.
നാലുകെട്ടിൽ അപ്പുണ്ണിക്ക് ജന്മം നൽകിയ, കാലത്തിൽ സേതുവിനെ സൃഷ്ടിച്ച, മഞ്ഞിൽ കാത്തിരിപ്പിന് വിധിക്കപ്പെട്ട വിമലയെ അവതരിപ്പിച്ച, എം.ടി. വാസുദേവൻനായർ എന്ന വിശ്വോത്തര സാഹിത്യകാരന്റെ കൈവിരൽ ഒന്നു തൊടാൻ ആഗ്രഹിച്ചിട്ടുണ്ട്.
അദ്ദേഹം ബോംബെയിൽ വന്ന അവസരങ്ങളിൽ കാണാൻ ഭാഗ്യമുണ്ടായില്ല. ആദ്യം നേരിൽ കണ്ട് സംസാരിക്കുന്നത് സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഭാഷാ വാരാചരണ പരിപാടിക്കു ശേഷം എറണാകുളം ജി ഓഡിറ്റോറയത്തിലെ വേദിയിൽനിന്ന് ഇറങ്ങിവരുമ്പോഴാണ്. തന്റെ സ്വത:സിദ്ധമായ ശൈലിയിൽ വലത് കൈപ്പത്തി നെഞ്ചിൽ ചേർത്ത് ശിരസ്സ് ചെറുതായി ചലിപ്പിച്ചുകൊണ്ട് മൗനത്തിലൂടെ ആയിരുന്നു അദ്ദേഹം തിരിച്ച് വന്ദനം പറഞ്ഞത്. അത്രമാത്രം. വേനലിലെ നിളയുടെ ശാന്തമായ ഒഴുക്കു മാതിരി സദസ്യർക്കിടയിലൂടെ അദ്ദേഹം നീങ്ങിമറയുകയും ചെയ്തു. എം.ടിയെ ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ചലിക്കുന്ന ചിത്രമാണതിപ്പോഴും.
പിന്നീട് ഏതാനും കൊല്ലങ്ങൾക്ക് ശേഷം തൃശ്ശൂർ സാഹിത്യ അക്കാദമി അങ്കണത്തിലാണ് വീണ്ടും കാണുന്നത്. പ്രഥമ കമല സുരയ്യ പുരസ്‌കാരം വൈശാഖൻ മാഷിന് നൽകാൻ എത്തിയതായിരുന്നു എം.ടി.
ഞാൻ ഭവ്യതയോടെ എഴുന്നേറ്റ് അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ചു. നമ്മൾ തമ്മിൽ കണ്ടിട്ട് നാല് കൊല്ലമായില്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ ശക്തിയെ എനിക്ക് നമിക്കാതിരിക്കാനായില്ല. അതിലും വലിയ അത്ഭുതം അദ്ദേഹം എന്നെ ചേർത്തുപിടിച്ച് ഒന്നുരണ്ട് കാര്യങ്ങൾ സംസാരിക്കുകകൂടി ചെയ്തു എന്നതാണ്.
എം.ടി യെ വിമർശിച്ച് ഒരു ലേഖനം ഞാൻ എഴുതുകയുണ്ടായി. അത് അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടിയെപ്പറ്റി ആയിരുന്നില്ല. പ്ലാച്ചിമട കോള പ്രശ്നത്തിൽ ഇടപെട്ടുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്താനായി അദ്ദേഹം ചെറിയ ചില പദവികൾ രാജിവയ്ക്കകയും പ്രധാനപദവി നിലനിർത്തുകയും ചെയ്തത് ശരിയായില്ല എന്നായിരുന്നു എന്റെ വിമർശനം.
എം.ടി ഒരു മഹാമേരുവാണ്. ഞാൻ ഒരു ചെറുകല്ല് നേർക്കെറിഞ്ഞാൽ അദ്ദേഹത്തിനത് ഒരു വിഷയമേ അല്ല. എന്നിട്ടും ഞാനത് ചെയ്തത് എന്റെ ഹുങ്ക്.
മലയാളത്തിലെ പ്രശസ്തനായ ഒരു ചിത്രകാരൻ ഒരു പത്രത്തിന് കൊടുത്ത ഇന്റർവ്യൂവിൽ എം.ടിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചു. ധാർമ്മികമായ പിന്തുണ എം.ടിക്ക് നൽകിക്കൊണ്ടുള്ള എന്റെ ഒരു ലേഖനത്തിൽ ഉദ്ധരിച്ചു ചേർത്ത വരികളിൽനിന്നാണ് അദ്ദേഹം ഈ വിവരം അറിയുന്നത്. അദ്ദേഹം ബോംബെയിലെ തന്റെ ഉറ്റമിത്രവും പരിഭാഷകനും ആയ പത്രപ്രവർത്തകനെ വിളിച്ച് രേഖകൾ ശേഖരിച്ചു. ചിത്രകാരനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാൻ അദ്ദേഹത്തിന് പ്രേരണയായത് ഞാനെഴുതിയ ആ ലേഖനമത്രേ. എം.ടിയുടെ പ്രശസ്തിയിൽ അസഹിഷ്ണുക്കളായ കലാകാരന്മാർ ഇങ്ങനെ എന്തെല്ലാം പുലമ്പിയിരിക്കുന്നു!
നമ്മുടെ ഭാഷയിൽ സാഹിത്യകാരന്മാർ ഉണ്ട്. എന്നാൽ, എം.ടിയെ പോലെ ഒരു എം.ടിയേ ഉണ്ടായിട്ടുള്ളു. എം.ടി–എം.ടി മാത്രം. ആ എഴുത്ത് ഇനിയില്ല. ഭാഷയുടെ സവിശേഷ സൗകുമാര്യംകൊണ്ട് തലമുറകളെ മോഹിപ്പിച്ച എം.ടി സാഹിത്യം കാലത്തെ വെന്ന് നിലനിൽക്കുമെന്ന് ഞാൻ വിചാരിക്കുന്നു. ഗുരോ, പ്രണാമം! “