ബന്ധുക്കളായ രണ്ട് കുട്ടികൾ ഇരട്ടയാറിൽ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു, മറ്റൊരാൾക്കായി തിരച്ചിൽ.
ഇടുക്കി; ഇരട്ടയാറിൽനിന്ന് ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം രണ്ട് കുട്ടികളെ കാണാതായി. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കായംകുളത്ത് താമസിക്കുന്ന പൊന്നപ്പന്റെയും രജിതയുടെയും മകൻ അമ്പാടി ആണ് മരണപ്പെട്ടത്. കുട്ടിയുടെ മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി.
ഉപ്പുതറയിൽ താമസിക്കുന്ന രതിഷ് – സൗമ്യ ദമ്പതികളുടെ മകൻ അക്കുവിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കുട്ടി ടണലിലൂടെ ഒഴുകിപോയിരിക്കാം എന്ന അനുമാനത്തില്‍ അഞ്ചുരുളി ടണല്‍മുഖത്താണ് അഗ്‌നിരക്ഷാസേന സംഘം അടക്കം തിരച്ചില്‍ നടത്തുന്നത്.. സഹോദരങ്ങളുടെ മക്കളായ ഇരുവരും ഓണാവധിക്ക് ഉപ്പുതറയിൽ ഇരട്ടയാറ്റിലുള്ള തറവാട് വീട്ടിൽ എത്തിയതായിരുന്നു.
ഡാമിനോട് ചേര്‍ന്ന പ്രദേശത്ത് കളിക്കുന്നതിനിടെ വെള്ളത്തില്‍ പോയ പന്തെടുക്കാൻ പോയപ്പോൾ ഒഴുക്കില്‍പ്പെട്ടതാണെന്നാണ് സൂചന. നാല് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരാണ് വെള്ളത്തില്‍ പെട്ടത്. മറ്റ് കുട്ടികള്‍ അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ ഓടിക്കൂടി ഒരു കുട്ടിയെ കരയ്‌ക്കെത്തിച്ചെങ്കിലും അതിനോടകം മരിച്ചു.