രണ്ടു വലിയ കടുവകളുടെ ദൃശ്യങ്ങൾ ക്യാമറയിൽ; ആനപ്പാറ ഡിവിഷനിൽ വനംവകുപ്പ് ക്യാംപ് തുറന്നു
കൽപറ്റ∙ ചുണ്ടേൽ ആനപ്പാറയിൽ മൂന്നു പശുക്കളെ കൊന്നുവെന്നു കരുതുന്ന കടുവകളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. രണ്ടു വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചു സ്ഥിരീകരണം നൽകാൻ വനംവകുപ്പ് തയാറായില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനപ്പാറ കടുവ ഭീതിയിലാണ്. ചൊവ്വാഴ്ച രാത്രിയും കടുവ എത്തി നേരത്തെ കൊന്ന പശുവിന്റെ ബാക്കി ഭാഗങ്ങൾ കൂടി ഭക്ഷിച്ചു.കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ എസ്റ്റേറ്റിലെ ആനപ്പാറ ഡിവിഷനിൽ വനംവകുപ്പിന്റെ ക്യാംപ് പ്രവർത്തനം തുടങ്ങിയിരുന്നു.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് കടുവയെ നീരീക്ഷിക്കാനായിരുന്നു നീക്കം. ഈ ക്യാമറകളിലാണ് കടുവകളുടെ ദൃശ്യം പതിഞ്ഞതെന്നാണ് വിവരം. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണു നേരത്തെ വനംവകുപ്പ് അറിയിച്ചത്. എന്നാൽ രണ്ടു കടുവകളുടെ ദൃശ്യം പ്രചരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.തേയിലത്തോട്ടത്താൽ ചുറ്റപ്പെട്ട മേഖലയാണിത്. ക്ഷീരകർഷകരും തോട്ടം തൊഴിലാളികളുമാണ് താമസക്കാരിൽ ഏറെയും. അടുത്തിടെ ഇവിടെ വന്യമൃഗശല്യം രൂക്ഷമാണ്.