പാനൂർ സ്ഫോടനത്തിൽ 2 പേർ കൂടി പിടിയിൽ; ഷിജാലിനെയും അക്ഷയും കസ്റ്റഡിയിൽ

0

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലും അക്ഷയുമാണ് പിടിയിലായത്. ഉദുമൽപേട്ടയിൽ ഒളിവിലായിരുന്നു ഇരുവരും. പാനൂരിലെ ബോംബ് നിർമാണത്തിന് പിന്നിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണെന്നാണ് പൊലീസ് നിഗമനം. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെ, പിടിയിലായ എല്ലാവർക്കും ബോംബ് നിർമാണത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് സൂചന.

ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സംഘത്തെ നയിച്ചത് സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്‍റെ തലവൻ കാപ്പ ചുമത്താൻ ശുപാർശ ചെയ്ത ദേവാനന്ദാണെന്നും പൊലീസ് പറയുന്നു. ഇടയ്ക്കിടെ ഇക്കൂട്ടർ തമ്മിൽ ഏറ്റുമുട്ടാറുണ്ടായിരുന്നു. മാർച്ച് എട്ടിന് കുയിമ്പിൽ ക്ഷേത്രോത്സവത്തിനിടെയും സംഘർഷം ഉണ്ടായി. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങുകയായിരുന്നു.കേസിൽ പന്ത്രണ്ട് പ്രതികളാണുള്ളത്. ഇവരിൽ നാല് പേർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണ്. അമൽ ബാബു, അതുൽ, സായൂജ്, ഷിജാൽ എന്നിവർ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്ഐ നേതൃത്വവും സ്ഥിരീകരിച്ചിട്ടുണ്ട്.

അറസ്റ്റിലായ എല്ലാവർക്കും ബോംബ് നിർമാണത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. സന്നദ്ധ പ്രവർത്തനത്തിന് പോയെന്ന് സിപിഎം പറയുന്ന അമൽ ബാബുവും മറ്റ് നാല് പേരുമാണ് ബോംബുകൾ ഒളിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. തെളിവ് നശിപ്പിക്കാനും ഇവർ ശ്രമിച്ചു. വേറെയും ക്രിമിനൽ കേസുകൾ പ്രതികൾക്കെതിരെയുണ്ട്. അതേസമയം, സ്റ്റീൽ ബോംബുണ്ടാക്കുന്ന ഇവർ എങ്ങനെ പഠിച്ചു എന്ന ചോദ്യം ബാക്കിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *