കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദ് ചെയ്തു
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദ് ചെയ്തു. രാവിലെ 8. 25 ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനവും 9. 45 ന് ബഹ്റൈനിലേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസവും രണ്ട് വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.
വെള്ളിയാഴ്ച മസ്ക്കറ്റ് – കോഴിക്കോട്ട് റൂട്ടിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച സർവീസ് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് നൽകിയിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസ് നിരന്തരം സർവീസ് റദ്ദാക്കുന്നത് മൂലം ബുദ്ധിമുട്ടിലായ നിരവധി യാത്രക്കാരാണ് പരാതിയുമായി രംഗത്ത് എത്തിയത്. മേയ് മാസത്തിൽ എയർ ഇന്ത്യയുടെ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയതിന് പിന്നാലെയാണ് സർവീസ് റദ്ദാക്കിയത്.
മാനേജ്മെന്റിനെതിരെ പ്രതിഷേധത്തെ തുടർന്നാണ് ഒരു വിഭാഗം കാബിൻ ക്രൂ അംഗങ്ങൾ സമരം തുടങ്ങിയത്. ഇതോടെ ഗൾഫ് രാജ്യങ്ങളിലേത് അടക്കം 170 ലേറെ സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസിന് റദ്ദാക്കേണ്ടി വന്നു. സർവീസ് ഷെഡ്യൂൾ ചെയ്ത് അവസാന നിമിഷത്തിലാണ് ജീവനക്കാർ അസുഖമാണെന്നും ഡ്യൂട്ടിക്ക് ഹാജരാകാനില്ലെന്നും അറിയിച്ചതെന്നും വിരവധി സർവീസുകൾ റദ്ദാക്കേണ്ടി വന്നെന്നും ഇത് മറ്റ് സർവീസുകളെ ബാധിച്ചുവെന്നും കമ്പനി പറഞ്ഞിരുന്നു.