വ്യാജലഹരിക്കേസിൽ ട്വിസ്റ്റ് : നാരായൺ ദാസിനെ രക്ഷപ്പെടാൻ സഹായിച്ചത് ഷീല സണ്ണിയുടെ മകനെന്ന് എക്സൈസ്

0

തൃശൂർ :ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിലെ പ്രതി നാരായണ ദാസിനെ രക്ഷപ്പെടാൻ സഹായിച്ചത് മകൻ സംഗീത് എന്ന് എക്സൈസ് .ജനുവരി 29ന് എറണാകുളത്തെ വീട്ടിൽ നിന്ന് ഒരു ചുവന്ന കാറിൽ നാരായൺദാസ് സംഗീത്തിനൊപ്പം പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതായി എക്സൈസ് അറിയിച്ചു. സംഗീതിനെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. നാരായൺദാസ് ബാംഗ്ളൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്യേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.

നാരായണ ദാസ് സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു സഹതാപവും പ്രതീക്ഷിക്കേണ്ട, വ്യാജ ലഹരിക്കേസിൽ ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, നിങ്ങള്‍ 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞില്ലോല്ലോയെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ജനുവരി 27ന് ഹൈക്കോടതി പ്രതിക്ക് നല്‍കിയ നിര്‍ദ്ദേശം. കേസില്‍ മൂന്ന് മാസത്തിനകം കേസിലെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കുറ്റപത്രം നല്‍കി നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍പ്പെടുത്തിയതിൽ ഗൂഢാലോചനക്കുറ്റമാണ് പ്രതി എംഎന്‍ നാരായണദാസിനെതിരെ എക്സൈസ് ചുമത്തിയത്. ഷീല സണ്ണിയുടെ ഹാന്‍ഡ് ബാഗിലും സ്‌കൂട്ടറിലും ലഹരി സ്റ്റാംപുണ്ടെന്നായിരുന്നു എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കിട്ടിയ വിവരം. പരിശോധനയില്‍ ലഹരിയുണ്ടെന്ന് കണ്ടെത്തുകയും ഷീല സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസില്‍ 72 ദിവസമാണ് ഷീല സണ്ണി ജയിലില്‍ കിടന്നത്. രാസപരിശോധനയില്‍ സ്റ്റാംപില്‍ ലഹരിയില്ലെന്ന് കണ്ടെത്തി.ഇതോടെയാണ് കേസിൽ ഗൂഢാലോചന നടന്നതായുള്ള സംശയം ബലപ്പെട്ടത്. ഷീല സണ്ണിയുടെ മകൻ്റെ ഭാര്യയുടെ സഹോദരി ബെംഗളുരുവില്‍ വിദ്യാര്‍ഥിനിയായിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് യുവതിയുടെ അടുത്ത സുഹൃത്തായ നാരായണദാസ് ഷീല സണ്ണിയുടെ ബാഗിൽ വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് വെച്ചതും എക്സൈസിന് വിവരം കൈമാറിയതും. എക്സൈസ് ഇന്‍സ്പെക്ടർക്ക് ഇന്റര്‍നെറ്റ് കോളിലൂടെ ലഹരി സ്റ്റാംപിന്റെ വിവരങ്ങള്‍ കൈമാറിയത് എംഎന്‍ നാരായണദാസ് ആണെന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിനു പിന്നാലെ എംഎന്‍ നാരായണദാസിനെ പ്രതിചേര്‍ത്ത് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ എക്സൈസ് റിപ്പോര്‍ട്ടും നല്‍കി. തുടര്‍ന്നാണ് എന്‍എം നാരായണദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *