ട്രാഫിക് വാർഡൻമാരുടെ പേരിൽ പണപ്പിരിവ് നടത്തി പക്ഷേ ശമ്പളം നൽകിയില്ല
പ്രതീകാത്മക ചിത്രം
കരുനാഗപ്പള്ളി പോലീസും ഇടക്കുളങ്ങര പൗരസമിതിയും ചേർന്നാണ് ട്രാഫിക് വാർഡമാരെ നിയോഗിച്ചത്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ശാസ്താംകോട്ട റോഡിൽ മാളിയേക്കൽ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ജോലികൾ നടക്കുന്നതിനാൽ കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ട അടൂർ കൊട്ടാരക്കര എന്നീ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇടക്കുളങ്ങര റെയിൽവേ ഗേറ്റ് വഴിയാണ് പോകുന്നതും വരുന്നതും. ദിവസവും 50 നു മുകളിൽ ട്രെയിനുകൾ നിർത്തുന്ന കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഇടക്കുളങ്ങര റെയിൽവേ ഗേറ്റ് മിക്ക സമയങ്ങളിലും അടയ്ക്കുന്നതിനാൽ വലിയ ഗതാഗതക്കുരുക്കാണ് ഇടക്കുളങ്ങര റെയിൽവേ സ്റ്റേഷൻ സമീപം ഉണ്ടാകുന്നത്. ഇവ നിയന്ത്രിക്കുന്നതിനായി കരുനാഗപ്പള്ളി പോലീസും ഇടക്കുളങ്ങര പൗരസമിതിയും ചേർന്ന് രണ്ടു വനിതാ ട്രാഫിക് വാർഡമാരെ നിയോഗിക്കുകയുണ്ടായി.
മൂന്നു മാസവും രണ്ടു ദിവസവും ജോലി ചെയ്ത വനിതാ ട്രാഫിക് വാർഡമാർക്ക് നിരവധി തവണകളായിട്ടാണ് രണ്ടുമാസത്തെ ശമ്പളം നൽകിയത്. അവസാനത്തെ മാസത്തെ ശമ്പളവും നൽകിയില്ല. ജീവിക്കാൻ വേണ്ടി ചൂടും മഴയും സഹിച്ചാണ് ഇവർ റോഡിൽ നിന്ന് ജോലി ചെയ്തത്. ഗതാഗതം നിയന്ത്രിക്കുമ്പോൾ പലരും ഇവരെ അസഭ്യം പറയുന്ന അവസ്ഥ വരെയുണ്ടായി. എല്ലാം സഹിച്ചു ജോലി ചെയ്ത ഇവർക്ക് ശമ്പളവും നൽകിയില്ല. ഇവർക്ക് ശമ്പളം നൽകുന്നതിനായി പലരിൽ നിന്നും പണപ്പിരിവ് നടത്തിയതായും പൗരസമിതിയിലെ അംഗങ്ങൾ പറയുകയുണ്ടായി.
ശമ്പളം ചോദിച്ചു വനിതാ ട്രാഫിക് വാർഡമാർ ഇടക്കുളങ്ങര പൗരസമിതി പ്രസിഡന്റിനെ ബന്ധപ്പെടുമ്പോൾ ഇന്ന് തരാം നാളെ തരാമെന്ന് പറഞ്ഞു ഒഴിയുഞ്ഞു മാറുകയാണെന്ന് ജോലി ചെയ്ത വനിതാ ട്രാഫിക് വാർഡമാർ പറയുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാൻ വേണ്ടി റോഡിൽ നിന്നും ജോലി ചെയ്ത ഇവരോട് കാണിച്ചു ക്രൂരത മനസ്സിലാക്കി ചില സുമനസ്സുകളെ കണ്ടെത്തി ഇവർ ജോലി ചെയ്ത സമയത്ത് ശമ്പളം നൽകുന്നതിന് വേണ്ടി തയ്യാറെടുക്കുകയാണ് മറ്റുചിലർ. എന്നാൽ താങ്കൾക്ക് ലഭിക്കേണ്ട ശമ്പളം നൽകുന്നതിന് ആവശ്യമായ നടപടിക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് വാർഡമാർ പോലീസിനെയും സമീപിക്കാൻ ഇരിക്കുകയാണ്.