ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമര്‍ദനം,
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം.സംഭവുമായി ബന്ധപ്പെട്ട് ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് പിടികൂടി. കുട്ടിയുടെ അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വര്‍ഷമായി അനു കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതി.
കുട്ടിയുടെ അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിച്ചു, നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അടിച്ചു, പച്ചമുളക് തീറ്റിച്ചു, പച്ച മുളക് ദേഹത്ത് തേച്ചു, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചു, ഫാനിൽ കെട്ടിത്തൂക്കിയെന്നും പൊലീസ് പറയുന്നു. തന്നെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചതായി കുട്ടി വെളിപ്പെടുത്തി.
അച്ഛന്‍ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരന്‍ വീഡിയോയില്‍ പറയുന്നു. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടാനച്ഛന്റെ വീട്ടുകാരാണ് കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ ആദ്യം കണ്ടത്. അമ്മക്ക് അസുഖമായതിനെ തുടര്‍ന്നാണ് കുട്ടി ഈ വീട്ടിലേക്ക് രണ്ട് ദിവസം മുമ്പ് പോയിരുന്നത്. ഈ വീട്ടുകാരാണ് വീഡിയോ ചിത്രീകരിച്ചതും പിന്നാലെ പൊലീസിലും പരാതി നല്‍കിയതും. ഒരുവര്‍ഷമായി രണ്ടാനച്ഛന്‍ കുഞ്ഞിനെ ഉപദ്രവിക്കുന്നുണ്ടെന്ന് ബന്ധു പറഞ്ഞു. അമ്മയാണ് കുട്ടിയുടെ കുറ്റങ്ങള്‍ അച്ഛനോട് പറഞ്ഞ് ഉപദ്രവിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.