ഗ്രീന്‍ഫീല്‍ഡ് പറന്നത് 23 സിക്‌സുകള്‍, കത്തിച്ച് ഇഷാന്‍ കിഷന്‍

0
ISHAN KISHAN

തിരുവനന്തപുരം:  സിക്‌സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു 23 സിക്‌സുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ പറത്തിയത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടി20 പോരാട്ടത്തില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ടീം ടോട്ടലെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തന്നെ അടിച്ചെടുത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീം ടോട്ടലെന്ന നേട്ടവും സ്‌കോര്‍ സ്വന്തമാക്കി.

ഗ്രീന്‍ഫീല്‍ഡിനെ കത്തിച്ച് ഇഷാന്‍ കിഷന്‍

ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമിലാണ് ഇഷാന്‍ കിഷന്‍ ബാറ്റ് വീശിയത്. കരിയറിലെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി താരം ഗ്രീന്‍ഫീല്‍ഡില്‍ അടിച്ചെടുത്തു. 42 പന്തില്‍ 103 റണ്‍സടിച്ചാണ് ഇഷാന്‍ സെഞ്ച്വറി തൊട്ടത്. താരത്തിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി. 10 സിക്‌സും 6 ഫോറും സഹിതമാണ് കന്നി ശതകം. 43ാം പന്തില്‍ താരം പുറത്താകുകയും ചെയ്തു.

ഇഷ് സോധി എറിഞ്ഞ 12ാം ഓവറിലെ എല്ലാ പന്തും ബൗണ്ടറി പായിച്ച് ഇഷാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ആവേശത്തിലാക്കിയാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്. സോധിയുടെ ഈ ഓവറില്‍ താരം 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സ് അടിച്ചെടുത്തു. ഈ ഓവറില്‍ ആദ്യ പന്ത് വൈഡായതോടെ ഓവറില്‍ 29 റണ്‍സും പിറന്നു.അഞ്ചാം പോരാട്ടത്തില്‍ ഇലവനില്‍ തിരിച്ചെത്തിയ ഇഷാന്‍ 28 പന്തില്‍ 51 റണ്‍സെടുത്താണ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇഷ് സോധിയുടെ ആദ്യ പന്തില്‍ ഫോറടിച്ചാണ് താരം അര്‍ധ ശതകത്തിലെത്തിയത്. പിന്നാലെയാണ് ശേഷിക്കുന്ന അഞ്ച് പന്തുകളും താരം ബൗണ്ടറിയിലേക്ക് പറത്തിയത്. പിന്നാലെ വന്ന ലോക്കി ഫെര്‍ഗൂസന്റെ രണ്ടാം പന്ത് നേരിട്ട് അതും സിക്‌സറിലേക്ക് പായിച്ചു.

സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. ക്യാപ്റ്റന്‍ 6 സിക്‌സും 4 ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി പിന്നിട്ട് പുറത്തായത്. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും വന്‍ ഹിറ്റിങ് മൂഡില്‍ തന്നെയായിരുന്നു. താരം 17 പന്തില്‍ 4 സിക്‌സും ഒരു ഫോറും സഹിതം 42 റണ്‍സുമായി മടങ്ങി.അവസാന പന്ത് സിക്‌സര്‍ തൂക്കി ശിവം ദുബെ ഇന്ത്യന്‍ സ്‌കോര്‍ 271ല്‍ എത്തിച്ചു. 2 പന്തില്‍ 7 റണ്‍സുമായി ദുബെയും 8 റണ്‍സുമായി റിങ്കു സിങും പുറത്താകാതെ നിന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *