48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് : ശബരീനാഥന്‍ കവടിയാറില്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അരുവിക്കര മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ കവടിയാറില്‍ മത്സരിക്കുമെന്ന് കെ മുരളീധരന്‍ അറിയിച്ചു. കോര്‍പ്പറേഷനിലേക്കുള്ള 48 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.നഗരസഭയില്‍ ഏറ്റവും സീനിയറായ ജോണ്‍സണ്‍ ജോസഫ് ഉള്ളൂര്‍ വാര്‍ഡില്‍ നിന്ന് വീണ്ടും മത്സരിക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായ സുഭാഷ് കിണവൂര്‍ വാര്‍ഡില്‍ നിന്നും ജനവിധി തേടും.
മുമ്പ് കൗണ്‍സിലര്‍ അയിരുന്നിട്ടുള്ള ഡി അനില്‍കുമാര്‍ പേട്ട വാര്‍ഡില്‍ മത്സരിക്കും. 2025-20 കാലഘട്ടത്തില്‍ അനില്‍കുമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു രഘുവരന്‍ പാങ്ങപ്പാറ വാര്‍ഡില്‍ മത്സരിക്കും. മുന്‍ കൗണ്‍സിലര്‍ അനിത കുടപ്പനക്കുന്നിലും, കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടടയിലും മത്സരിക്കും. മുന്‍ കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ്, സിറ്റിങ് മെമ്പര്‍ മേരി പുഷ്പം, ഡിസിസി ജനറല്‍ സെക്രട്ടറി എംഎസ് സനില്‍കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
