വാർത്തകൾ വ്യാജം: BDJS എൻഡിഎ വിടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി.
കൊല്ലം :BDJS എൻഡിഎ മുന്നണി വിടില്ലെന്നും മുന്നണി ബന്ധത്തിൽ തൃപ്തരാണെന്നും സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മുന്നണി വിടണമെന്ന് കോട്ടയത്തെ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു എന്നുള്ള വാർത്ത വ്യാജമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഒപ്പം ബിഡിജെഎസ് ഉണ്ടാകുമെന്നും സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞുവെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
ബിജെപി അവഗണിക്കുകയാണെന്നും എൻഡിഎ വിടണമെന്നും ബിഡിജെഎസ് കോട്ടയം ജില്ലാ പഠന ക്യാംപ് പ്രമേയം പാസാക്കി എന്ന വാർത്ത തുഷാർ വെള്ളാപ്പള്ളി നിഷേധിച്ചു.
“ചില പ്രദേശിക നേതാക്കൾ മുന്നണി ബന്ധത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ പറഞ്ഞുവെന്ന് മാത്രം.” തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ ഫെബ്രുവരി ഒന്നിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.