അഫ്‌ഗാനിസ്ഥാനിൽ ടിടിപി റിക്രൂട്ട്മെൻ്റ്; കരുതലോടെ ഇന്ത്യ

0
ttp

ധാക്ക: ബംഗ്ലാദേശിലെ തെഹ്‌രീക്-ഇ-താലിബാൻ്റെ പ്രവർത്തനങ്ങൾ ഇന്ത്യയ്ക്ക് തലവേദനയാകുമോ ? വർഷങ്ങളായി പാകിസ്ഥാനിൽ നാശം വിതയ്ക്കുന്നതിനോടൊപ്പം ബംഗ്ലാദേശിൽ വേരുറപ്പിക്കുകയാണ് ജിഹാദി ഭീകര സംഘടനയായ ടിടിപി. ഇന്ത്യയുമായി 4,000 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിൽ പാക് താലിബാൻ വ്യാപകമായി റിക്രൂട്ട്‌മെൻ്റ് നടക്കുന്നുണ്ടെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്.

ബംഗ്ലാദേശിലെ സുരക്ഷാ-രഹസ്യവിഭാഗങ്ങൾക്ക് ഇതിൽ അറിവുണ്ടെന്നും അവർ വിഷയം അവഗണിക്കുന്നു എന്നതുമാണ് ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നത്. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ ഭരണകൂടം നിലംപൊത്തിയതിന് ശേഷമാണ് ബംഗ്ലാദേശിൽ ടിടിപിയുടെ പ്രവർത്തനം വർധിച്ചത്. കൂടാതെ മറ്റുചില ജിഹാദി സംഘടനകളുടെ പ്രവർത്തനവും ബംഗ്ലാദേശിൽ വർധിച്ചതായാണ് റിപ്പോർട്ടുകള്‍.

കഴിഞ്ഞ ജൂലൈ 14ന് ടിടിപിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ പേരിൽ ഷാമിൻ മഹ്ഫസ് എന്നയാളെ അറസ്റ്റ് ചെയ്‌തിരുന്നു. ഭീകര സംഘടനയിലേക്കുള്ള റിക്രൂട്ട്‌മെൻ്റും സ്‌ഫോടക വസ്‌തുക്കൾ കൈവശം വച്ചതിനുമായിരുന്നു അറസ്റ്റ്. ബംഗ്ലാദേശിലെ കുകി-ചിൻ നാഷണൽ ഫ്രണ്ടുമായും ഇയാൾക്ക് ബന്ധമുണ്ട്. മറ്റ് ചിലരേയും ഭീകരപ്രവർത്തനങ്ങളുടെ പേരിൽ അടുത്തിടെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നിരുന്നാലും ഭീകര സംഘടനകളുടെ പ്രവർത്തന ശൃംഖല വ്യാപിക്കുന്നതിൻ്റെ സൂചനകളാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്.

1990കളുടെ തുടക്കത്തിൽ സ്ഥാപിതമായ ഒരു സുന്നി ഇസ്‌ലാമിക ദേശീയവാദ, പഷ്‌തൂൺ അനുകൂല പ്രസ്ഥാനമാണ് താലിബാൻ. 1996 മുതൽ 2001വരെ താലിബാൻ്റെ ഭരണത്തിന് കീഴിലായിരുന്നു അഫ്‌ഗാൻ. ക‌ർഷകരും അഫ്‌ഗാനിലെയും പാകിസ്ഥാനിലെയും മദ്രസകളിൽ പഠിക്കുന്നവരുമായിരുന്നു സ്ഥാപക അംഗങ്ങൾ.പാകിസ്ഥാൻ സൈന്യത്തിനെതിരായി 2007ൽ രൂപീകരിച്ച തീവ്രവാദ ശൃംഖലകളുടെ സഖ്യമാണ് തെഹ്‌‌രീക്-ഇ താലിബാൻ പാകിസ്ഥാൻ (ടിടിപി) അഥവാ പാകിസ്ഥാൻ താലിബാൻ. പാകിസ്ഥാനിലെ ഫെഡറൽ ഭരണത്തിലുള്ള ഗോത്രവർഗ മേഖലകളിലും പാകിസ്ഥാനിലെ പാക്തുൻഖ്വ പ്രവിശ്യയിലും ഭരണകൂടത്തിൻ്റെ സ്വാധീനം ഇല്ലാതാക്കുകയാണ് ടിടിപിയുടെ പ്രധാന ലക്ഷ്യം. പാകിസ്ഥാനിലുടനീളം ശരിഅത്ത് നടപ്പിലാക്കുക, അഫ്‌ഗാനിസ്ഥാനിൽ നിന്ന് സഖ്യസേനയെ പുറത്താക്കുക, പാക് സർക്കാരിനെ അട്ടിമറിക്കുന്നതിനായി പാകിസ്ഥാനിൽ ഒരു ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുക തുടങ്ങിയവയാണ് ടിടിപിയുടെ മറ്റ് ലക്ഷ്യങ്ങൾ.

അൽ ഖ്വയ്‌ദയുടെ മുതിർന്ന നേതാക്കളുമായും ടിടിപി അടുത്ത ബന്ധം പുല‌ർത്തിയിരുന്നു. ബയ്‌ത്തുള്ള മെഹ്‌സൂദ് ആണ് ടിടിപിയുടെ ആദ്യ നേതാവ്. 2009ൽ മെഹ്‌സൂദ് മരിച്ചതിന് പിന്നാലെ ഹക്കീമുള്ള മെഹ്‌സൂദ് പിൻഗാമിയായി ചുമതലയേറ്റു. ഹക്കീമിൻ്റെ മരണത്തിന് പിന്നാലെ 2013ൽ മുല്ല ഫസ്‌ലുല്ല സംഘത്തലവനായി ചുമതലയേറ്റു. ഫസ്‌ലുല്ല കടുത്ത പാശ്ചാത്യ, പാക് വിരുദ്ധനാണ്. 2012ൽ മലാല യൂസഫ്‌‌സായ് ആക്രമണത്തിനിരയായത് ഫസ്‌ലുല്ലയുടെ ഉത്തരവിന്മേലാണ്. യുഎൻ റിപ്പോർട്ട് പ്രകാരം 6,500ഓളം പേരാണ് ടിടിപിയിൽ പ്രവർത്തിക്കുന്നത്.

പാക് താലിബാൻ്റെ അന്താരാഷ്ട്ര ടാർജറ്റുകൾ: ടിടിപിയുടെ മുഖ്യ ടാർജറ്റുകളിൽ ഒന്നാണ് അമേരിക്ക. യുഎസിനെ ആക്രമിക്കുമെന്ന് 2008ൽ ടിടിപി പരസ്യപ്രഖ്യാപനവും നടത്തിയിരുന്നു. 2010ൽ ടൈംസ് സ്‌ക്വയറിൽ നടന്ന ആക്രമണത്തിൽ ടിടിപി ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഉസാമ ബിൻ ലാദൻ്റെ മരണത്തിന് പ്രതികാരമായി അമേരിക്കയെയും യൂറോപ്പിനെയും ആക്രമിക്കുമെന്ന് 2011ൽ ടിടിപി വക്താവ് പ്രഖ്യാപിച്ചിരുന്നു. അഫ്‌ഗാനിസ്ഥാനിലുള്ള ഇടപെടലിന് യുകെയെ ആക്രമിക്കുമെന്നും 2012ൽ ടിടിപി ഭീഷണി മുഴക്കിയിരുന്നു.താലിബാൻ അഫ്‌ഗാനിൽ ഭരണം പിടിച്ചടക്കിയതിന് ശേഷം അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ നാറ്റോ താലിബാന് കൈമാറിയതായി യുഎൻ ആരോപിക്കുന്നു. സുരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെടുന്നത് വർധിക്കുകയാണെന്നും ടിടിപിയു‌ടെ കൈകളിലെ യുഎസ് ആയുധങ്ങളാണ് ഇതിന് പിന്നിലെന്നും പാകിസ്ഥാനും ആരോപിക്കുന്നു. എം16, എം4 ഉൾപ്പെടെയുള്ള യുഎസ് ആയുധങ്ങൾ ഈ വർഷം നടന്ന ആക്രമണത്തിനിടെ പാക് രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്തതായാണ് ആരോപണത്തിൽ യുഎസ് പ്രതികരിച്ചത്.

2023ൽ പാകിസ്ഥാൻ താലിബാൻ പേശവാറിലെ പൊലീസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തിൽ 80ലധികം പേ‌ർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിലെ കറാച്ചി ആക്രമണത്തിൽ അഞ്ച് പാക് സുരക്ഷാസേനാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. 2016ൽ ഖൈബർ പഖ്‌തൂൻഖ്വയിൽ പാകിസ്ഥാൻ സൈന്യം കലാപ വിരുദ്ധ ശ്രമങ്ങൾ ശക്തമാക്കിയതിന് പിന്നാലെ ടിടിപി ഗോത്ര മേഖലയിൽ നിന്ന് പുറത്തായി.

അതേസമയം, ടിടിപിയുടെ ബദ്ധവൈരിയായ പാകിസ്ഥാൻ, താലിബാനെ പലപ്പോഴും പിന്തുണച്ചിരുന്നു. 2021ൽ താലിബാൻ അഫ്‌ഗാൻ പിടിച്ചടക്കിയത് അന്നത്തെ പാക് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ സ്വാഗതം ചെയ്‌തതാണ് കാരണം. പാകിസ്ഥാനി ഹൈക്കമാൻഡ് ടിടിപിയുടെ ചില ആവശ്യങ്ങൾ അംഗീകരിച്ചിട്ടുമുണ്ട്. ഇതിൻ്റെ ഫലമായി മുതിർന്ന ടിടിപി നേതാക്കളെ ഉൾപ്പെടെ പാക് തടവറകളിൽ നിന്ന് മോചിപ്പിച്ചിരുന്നു.

എന്നാൽ പാകിസ്ഥാന് തിരിച്ചടിയായത് അഫ്‌ഗാനിൽ താലിബാനിൽ ഭരണം പിടിച്ചടക്കിയതിന് ശേഷമുള്ള ഇവരുടെ ആക്രമണങ്ങളാണ്. തുടർച്ചയായി പാകിസ്ഥാനിൽ ടിടിപി ആക്രമണങ്ങള്‍ നടത്തുകയുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *