ടിടിഇ വിനോദിന്‍റെ കൊലപാതകം: പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തൃശ്ശൂര്‍ വെളപ്പായയില്‍ ജോലിക്കിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
ടിടിഇ വിനോദിന്റെ കൊലപാതകത്തിൽ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഒപ്പം ട്രെയിനിൽ സഞ്ചരിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി. പ്രതി ടിടിഇയെ അസഭ്യം പറഞ്ഞെന്നും പൊലീസിനെ വിളിച്ചതിന് പിന്നാലെയാണ് കാല് കൊണ്ട് തള്ളിയിട്ടതെന്നും ഇയാൾ പ്രതികരിച്ചു. മലയാളത്തിൽ പൊലീസിനോട് സംസാരിച്ചത് പ്രതിക്ക് മനസിലായിട്ടുണ്ടാകാമെന്നും ഇയാൾ വെളിപ്പെടുത്തി. അപ്രതീക്ഷിതമാ ആക്രമണമായിരുന്നു ഉണ്ടായതെന്നും ഒരൊറ്റ സെക്കന്റിൽ എല്ലാം കഴിഞ്ഞുവെന്നും പറഞ്ഞ ദൃക്സാക്ഷി തങ്ങൾ ഭയന്നുപോയെന്നും വെളിപ്പെടുത്തി.
ടിക്കറ്റ് ഇല്ലാത്തതിനാൽ പിഴയടക്കാൻ പറഞ്ഞപ്പോൾ ടിടിഇയുടെ വീട്ടുകാരെ അമ്മയെയും സഹോദരിയെയുമടക്കം ഹിന്ദിയിൽ ചീത്ത വിളിച്ചു. അമിതമായി മദ്യം കഴിച്ചാണ് അയാൾ ട്രെയിനിൽ കയറിയതെന്നും ഇയാൾ വെളിപ്പെടുത്തി.അതേസമയം പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഒഡിഷ സ്വദേശിയായ പ്രതി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്ഐആറിൽ വ്യക്തമായ്‌ക്കുന്നു.
ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എറണാകുളം-പട്ന എക്സ്പ്രസിലെ എസ്11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികളോട് ഫൈന്‍ അടയ്‌ക്കാന്‍ വിനോദ് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് തര്‍ക്കമുണ്ടായത്. തൃശ്ശൂര്‍ സ്റ്റേഷന്‍ പിന്നിട്ട് വെളപ്പായക്ക് സമീപത്ത് വെച്ച് പ്രതി വിനോദിനെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.