ട്രംപിന്‍റെ ചുങ്കഭീഷണി; കേരളത്തില്‍ പേടി സമുദ്രോല്‍പ്പന്ന കയറ്റുമതിക്കാര്‍ക്ക് മാത്രം

0
chemmeen

തിരുവനന്തപുരം :ട്രംപിന്‍റെ നടപടിയിലൂടെ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതി ചെലവേറുമെന്നും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ വില കൂടുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍. തത്ഫലമായി അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രിയം കുറയുമെന്നും താരതമ്യേന വില കുറവുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ക്ക് അമേരിക്കന്‍ ഉപഭോക്താക്കള്‍ മുന്‍തൂക്കം നല്‍കുമെന്നും അത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുമാണ് സാമാന്യ വിലയിരുത്തല്‍. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് കേരളത്തില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ വസ്‌തുതകള്‍ നിരത്തി വ്യക്തമാക്കുന്നത്.കേരളത്തില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ പ്രധാന പങ്ക് വഹിക്കുന്നത് സമുദ്രോല്‍പ്പന്നങ്ങളും കശുവണ്ടിയും സുഗന്ധ വ്യഞ്ജനങ്ങളും തുണിത്തരങ്ങളുമാണ്. ഇപ്പോള്‍ ഇറക്കുമതിത്തീരുവ കൂട്ടിയവയുടെ ഗണത്തില്‍പ്പെട്ട രത്നങ്ങളുടേയും ആഭരണങ്ങളുടേയും കയറ്റുമതിയും പത്ത് മില്യണ്‍ ഡോളറോളം വരും. ചെറിയൊരളവോളം കയര്‍ ഉല്‍പ്പന്നങ്ങളും കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഇതിനു പുറമേയാണ് ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് മേഖലയിലെ കയറ്റുമതി.പ്രതി വര്‍ഷം എട്ടു ബില്യണ്‍ ഡോളറിനുള്ള സമുദ്രോല്‍പ്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്ന് ആകെ കയറ്റുമതി ചെയ്യപ്പെടുന്നത്. ഇതില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ കയറ്റുമതി അമേരിക്കയിലേക്കാണ്. മറ്റൊരു പ്രധാന മേഖലയായ വസ്‌ത്രങ്ങളുടെ കയറ്റുമതിയാകട്ടെ 6 ബില്യണ്‍ ഡോളറിന്‍റേതും. ഈ രണ്ട് രംഗത്തുമുള്ള കയറ്റുമതിക്കാര്‍ ട്രംപിന്‍റെ നടപടിയെ നോക്കിക്കാണുന്നത് വ്യത്യസ്ത രീതിയിലാണ്.കേരളത്തിലെ സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖല ആശങ്കയിലാണെങ്കിലും വസ്ത്ര വിപണി ശുഭപ്രതീക്ഷയിലാണ്. തീരുവ വര്‍ധിപ്പിച്ച നടപടി അമേരിക്കയ്ക്ക്‌ തന്നെ തിരിച്ചടിയാകുമെന്ന് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബ് പറഞ്ഞു. പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നും രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ മറികടക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സമാന്തര വിപണി കണ്ടെത്തി പ്രതിസന്ധി മറികടക്കനാവുമെന്ന പ്രതീക്ഷയിലാണ് കശുവണ്ടി കയറ്റുമതിക്കാര്‍.ഇറക്കുമതിത്തീരുവ ഉയര്‍ത്തിയതോടെ നിലവില്‍ വന്ന പുതിയ പ്രതിസന്ധി കൊച്ചിയിലെ സമുദ്രോല്‍പ്പന്ന കയറ്റുമതിയെ സാരമായി ബാധിക്കും. ആന്ധ്രയിലേയും തമിഴ്‌നാട്ടിലേയും ചെമ്മീന്‍ കര്‍ഷകര്‍ വിളവെടുക്കുന്ന വനാമി ചെമ്മീന്‍ കേരളത്തിലെത്തിച്ച് പീലിങ്ങ് സെന്‍ററുകളില്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതാണ് പതിവ് രീതി. ഇത്തരം പീലിങ്ങ് സെന്‍ററുകള്‍ കൊച്ചിയിലും കോഴിക്കോട്ടുമുണ്ട്.മൂന്നു ബില്യണ്‍ ഡോളറിന്‍റെ സമുദ്രോല്‍പ്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് പ്രതി വര്‍ഷം കയറ്റി അയക്കുന്നത്.സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ അതിശക്തമായ മല്‍സരമാണ് ഇന്ത്യ നേരിടുന്നതെന്ന് ഫുഡ് എക്സ്പോര്‍ട്ട് അസോസിയഷന്‍ ഭാരവാഹി മനോജ് വര്‍ഗീസ് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീനിന് രണ്ടു തവണയായി 25 ശതമാനം വീതം തീരുവ കൂട്ടിയതിനു പുറമേ ആന്‍റി ഡമ്പിങ്ങ് ഡ്യൂട്ടിയും കൗണ്ടര്‍ വെയ്‌ലിങ്ങ് ഡ്യൂട്ടിയുമടക്കം ഏഴ് ശതമാനം നികുതി വേറേയും നിലവിലുണ്ട്. ഇക്വഡോര്‍ ചെമ്മീന്‍ കയറ്റുമതിയില്‍ ഇന്ത്യക്ക് അതിശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. അവരുടെ ഇറക്കുമതിച്ചുങ്കം 15 ശതമാനമായിത്തന്നെ ട്രംപ് ഭരണകൂടം നില നിര്‍ത്തിയിരിക്കുകയാണ്.

2022 വരെ ചെമ്മീന്‍ കയറ്റുമതിയില്‍ ഇന്ത്യയായിരുന്നു ഒന്നാമത്. കൊവിഡിനെത്തുടര്‍ന്ന് നമുക്കാ സ്ഥാനം നഷ്‌ടമായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇക്വഡോറാണ് അമേരിക്കയിലേക്കുള്ള പ്രധാന കയറ്റുമതിക്കാര്‍. കടുത്ത മല്‍സരം നിലനില്‍ക്കുന്ന മല്‍സ്യ കയറ്റുമതി രംഗത്ത് വില കൂട്ടാതെ ചെമ്മീനും മല്‍സ്യ വിഭവങ്ങളും അയക്കാനാവില്ല. ഇക്വഡോര്‍ വില കുറച്ച് കയറ്റുമതി ചെയ്യുമ്പോള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് അമേരിക്കന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും.അങ്ങനെ വന്നാല്‍ പകരം വിപണി കണ്ടെത്തല്‍ ആയിരിക്കും വ്യാപാരികള്‍ നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി അമ്പത് ശതമാനത്തോളം തീരുവ കൂട്ടിയ കൂന്തല്‍ അടക്കമുള്ള മല്‍സ്യ വിഭവങ്ങളുടെ കയറ്റുമതിയെയും പ്രതിസന്ധി ബാധിക്കും. ഈ മല്‍സ്യ വിഭവങ്ങള്‍ക്ക് മറ്റിടങ്ങളില്‍ വിപണി കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. പക്ഷേ ചെമ്മീനിന്‍റെ കാര്യത്തില്‍ അമേരിക്കയിലെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില മറ്റിടങ്ങളില്‍ ലഭിക്കില്ലെന്ന ആശങ്കയിലാണ് വ്യാപാരികള്‍. മല്‍സ്യ വിഭവങ്ങള്‍ക്ക് വലിയ പ്രിയമില്ലാത്ത ഉത്തരേന്ത്യയില്‍ ചെമ്മീനിനും കൂന്തലിനും മല്‍സ്യ വിഭവങ്ങള്‍ക്കും വിപണി കണ്ടെത്തല്‍ വെല്ലുവിളിയാകും. നഗരങ്ങളിലും മെട്രോയിലും ചെറിയ തോതില്‍ ആഹാര ശീലങ്ങളില്‍ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. എങ്കിലും തീര സംസ്ഥാനങ്ങളിലേതു പോലെ മല്‍സ്യത്തിന് സ്വീകാര്യത മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇല്ല.കൊല്ലത്തെ കശുവണ്ടി ഫാക്‌ടറികളെ ട്രംപ് ഭരണ കൂടത്തിന്‍റെ തീരുവ ഭീഷണി കാര്യമായി ബാധിക്കാന്‍ പോകുന്നില്ലെന്നാണ് പ്രമുഖ കശുവണ്ടി വ്യവസായി ജെ രാജ്മോഹന്‍ പിള്ള പറയുന്നത്. വിയറ്റ്നാം, ആഫ്രിക്ക ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ കശുവണ്ടി കയറ്റുമതിക്കാര്‍ മല്‍സരം നേരിടുന്നുണ്ട്.

അമേരിക്കയുമായി ആദ്യം വാണിജ്യ കരാര്‍ ഒപ്പു വെച്ച വിയറ്റ്നാമിന് 19 ശതമാനമാണ് കശുവണ്ടി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ തീരുവ. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിത്തീരുവ ഉയര്‍ത്തിയപ്പോഴും വിയറ്റ്നാമിന് തീരുവ മാറ്റം ബാധകമായില്ല. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കശുവണ്ടി കയറ്റുമതി നിലവില്‍ ആറ് ശതമാനം മാത്രമാണ്. അമേരിക്കന്‍ വിപണി നഷ്‌ടമായാലും ഇതിന് സമാന്തര വിപണി കണ്ടെത്താന്‍ വലിയ പ്രയാസമുണ്ടാകില്ല. അമേരിക്കയ്ക്ക് മാത്രമായുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന കൊല്ലത്തെ ഏതാനും കശുവണ്ടി സ്ഥാപനങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധി ബാധിക്കും. പക്ഷേ അമേരിക്കയിലേക്ക് അയച്ചു കൊണ്ടിരുന്ന കശുവണ്ടി ജപ്പാനിലേക്കും യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും ആഭ്യന്തര വിപണിയിലേക്കുമായി തിരിച്ചു വിടാന്‍ സാധിക്കും. കാഷ്യൂ ക്രീമുകളും വാള്‍മാര്‍ട്ടിനും മറ്റും പാക്ക് ചെയ്‌ത് നല്‍കിക്കൊണ്ടിരുന്ന ഉല്‍പ്പന്നങ്ങളും കയറ്റി അയച്ചു കൊണ്ടിരുന്നത് നിലയ്ക്കും. ആ മേഖലയില്‍ മാത്രമാകും തിരിച്ചടിയെന്നും രാജ്മോഹന്‍ പിള്ള പറഞ്ഞു.

തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ താല്‍ക്കാലിക പ്രതിസന്ധി മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എം ഡി സാബു ജേക്കബ് പറഞ്ഞു. തുണിത്തരങ്ങളുടെ റീട്ടെയില്‍ വില ഇവിടെ നിന്ന് തന്നെയാണ് തീരുമാനിക്കുന്നത്. ഇപ്പോഴത്തെ ടാക്‌സ് നില തുടരുമോ എന്ന് ഉറപ്പില്ല. വില സ്ഥിരത ആവാത്തതു കൊണ്ടുള്ള താല്‍ക്കാലിക പ്രതിസന്ധി മാത്രമാണ് ഇപ്പോഴുള്ളത്. വിലയുടെ കാര്യത്തില്‍ തീരുമാനമായിട്ടേ റീട്ടെയ്ല്‍ വിലയിട്ട് ഷിപ്പിങ്ങ് നടത്തുകയുള്ളൂ. ഓര്‍ഡര്‍ ഷിപ്പ് ചെയ്യുന്നതില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കുകയാണ്.ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള വസ്ത്ര കയറ്റുമതി 600കോടിയില്‍ താഴേയേ ഉള്ളൂവെന്ന് സാബു ജേക്കബ് ചൂണ്ടിക്കാട്ടി. നിലവില്‍ 150 കോടി ഡോളറിന്‍റെ തുണിത്തരങ്ങളാണ് യുകെയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.യു കെയുമായുള്ള സ്വതന്ത്ര വാണിജ്യ ഉടമ്പടി നിലവില്‍ വന്നു കഴിഞ്ഞു. അവിടെ ഇറക്കുമതിക്ക് തീരുവയില്ല. ഒരു നികുതിയുമൊടുക്കാതെ 1400- 1800 കോടി വരെയുള്ള തുണിത്തരങ്ങളുടെ കയറ്റുമതിക്ക് ബ്രിട്ടനില്‍ വിപണി തുറന്നു കിട്ടും. സ്വിറ്റ്സര്‍ലണ്ടുമായും വാണിജ്യ കരാര്‍ ആയിക്കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ രണ്ടു മസത്തിനകം ഒപ്പു വച്ചേക്കും. അതോടെ യൂറോപ്യന്‍ യൂണിയനിലും 9800- 9900 കോടി ഡോളറിന്‍റെ വിപണി തുറന്നു കിട്ടും.

ട്രംപ് വന്ന ശേഷം തുണിത്തരങ്ങള്‍ക്ക് അമേരിക്കന്‍ പ്രാദേശിക വിപണിയില്‍ 10 ശതമാനം വില കൂടി. പുതിയ സാഹചര്യത്തില്‍ അത് 20 -30 ശതമാനം കണ്ട് കൂടും. താരിഫ് കൂട്ടിയത് കൊണ്ട് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില കുറയില്ല. വിയറ്റ്നാം, ചൈന, കമ്പോഡിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് അമേരിക്കയിലേക്കുള്ള മറ്റ് പ്രധാന വസ്ത്ര കയറ്റുമതിക്കാര്‍ . ആ രാജ്യങ്ങളില്‍ നിന്ന്600 കോടി ഡോളറിന്‍റെ തുണിത്തരങ്ങള്‍ വാങ്ങാമെന്നു വെച്ചാല്‍ സാധിക്കില്ല. അമേരിക്കന്‍ കച്ചവടക്കാര്‍ക്ക് അവരില്‍ നിന്ന് തുണിത്തരങ്ങള്‍ എടുക്കണമെങ്കില്‍ നടപടി ക്രമങ്ങള്‍ക്ക് തന്നെ രണ്ട് വര്‍ഷമെങ്കിലും എടുക്കും.ട്രംപിന്‍റേത് വെറും ഭീഷണി മാത്രമാണെന്നും ബദല്‍ വിപണികള്‍ കണ്ടെത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ വ്യവസായത്തെ കൂടുതല്‍ വൈവിധ്യവത്ക്കരിക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ തുറന്ന് കിട്ടിയിരിക്കുന്നത് എന്നതുമാണ് കേരളത്തിലെ കയറ്റുമതിക്കാര്‍ കരുതുന്നത്. രണ്ടോ മൂന്നോ മാസത്തേക്ക് ചിലപ്പോള്‍ അല്‍പ്പം ബുദ്ധിമുട്ടുകള്‍ ഇന്ത്യന്‍ കയറ്റുമതി രംഗം നേരിട്ടേക്കാമെന്നും ഈ രംഗത്ത് നിന്നുള്ള വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക്, പ്രത്യേകിച്ച് കേരളത്തിലെ സമുദ്രോത്‌പന്ന, കശുവണ്ടി, വസ്‌ത്ര മേഖലയ്ക്ക് ഒരു തരിമ്പും പോറലേല്‍പ്പിക്കാന്‍ ട്രംപിന്‍റെ ചുങ്ക ഭീഷണിക്ക് കഴിയില്ലെന്നതാണ് ഇവര്‍ പങ്കു വയ്‌ക്കുന്ന പ്രതീക്ഷ.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *