പൂരം കലക്കിയാണോ ട്രംപ് ജയിച്ചത്, നവ്യ വിജയിച്ചാൽ കേന്ദ്ര മന്ത്രി: സുരേഷ് ഗോപി
കല്‍പ്പറ്റ: വയനാട് എന്‍ഡി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കി കൊണ്ടുവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിങ്ങള്‍ അനുഗ്രഹിച്ചാല്‍ വയനാട് എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇവിടെ നിന്ന് തിരഞ്ഞെടുക്കുന്നയാള്‍ വെറും എംപിയായി ഒതുങ്ങേണ്ട ആളാവരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കമ്പളക്കാട് നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ നവ്യയെ ജയിപ്പിച്ചാല്‍ കേന്ദ്ര മന്ത്രിയാക്കുന്ന കാര്യം താന്‍ ഏറ്റുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ വയനാട് നിന്നും അയക്കുന്നത് ഒരു എംപിയായി ഒതുങ്ങുന്ന ആളെയാകരുത്. മറിച്ച് കേന്ദ്ര മന്ത്രിയാകാന്‍ സാധ്യതയുള്ള ഒരു വ്യക്തിയെ ആയിരിക്കണം. അതിന് വേണ്ടി ഡല്‍ഹിയില്‍ പോരാട്ടം നടത്തുന്നത് താനായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ തന്റെ വിജയത്തെ ട്രംപിന്റെ വിജയത്തോട് ചേര്‍ത്തയുവെച്ച് സുരേഷ് ഗോപി. പൂരം കലക്കിയാണോ ട്രംപ് ജയിച്ചതെന്ന് സുരേഷ് ഗോപി ചോദിച്ചു. എല്ലാത്തിനേയും ആ മട്ടില്‍ കാണുന്ന പ്രതിപക്ഷമാണ് ഇന്ത്യയില്‍. തങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം. തൃശ്ശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്. ചിലര്‍ പറയുന്നത് പോലെ ചെമ്പും കോലും കലക്കും ഒന്നുമല്ല, അങ്ങനെയാണെങ്കില്‍ ട്രംപ് ഏതൊക്കെ പൂരം കലക്കിയാണ് ജയിച്ചത്. കേരള പൊലീസിനെ കേസെടുക്കാന്‍ അങ്ങോട്ടേക്ക് അയക്കൂവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു